missing malayali-is-relation-no-evidence-Iran and Afghanistan

തിരുവനന്തപുരം : കേരളത്തില്‍നിന്ന് കാണാതായവര്‍ ഇസ്ലാമിക് സ്റ്റേറ്റിനൊപ്പം ചേര്‍ന്നതിന് തെളിവുകളില്ലെന്ന് അഫ്ഗാനിസ്ഥാനും ഇറാനും. കാണാതായ 21 പേര്‍ ഇറാന്‍ വഴി അഫ്ഗാനിലെത്തിയെന്ന വിവരം സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ലെന്നും ഇവരുടെ യാത്രയെക്കുറിച്ച് യാതൊരു വിവരങ്ങളും ലഭിച്ചിട്ടില്ലെന്നും ഇരുരാജ്യങ്ങളും ഇന്ത്യയെ അറിയിച്ചു.

ഇരുരാജ്യങ്ങളും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നല്‍കിയ മറുപടിയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നതെന്ന് ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.

കേരളത്തില്‍നിന്ന് കാണാതായവര്‍ തെഹ്‌റാനില്‍നിന്ന് അഫ്ഗാനിലേക്ക് കടന്നതായി രേഖകള്‍ വ്യക്തമാക്കുന്നതായി വാര്‍ത്തകളുണ്ടായിരുന്നു.തുടര്‍ന്നാണ് ഇവരുടെ യാത്ര സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ഇന്ത്യ അഫ്ഗാനിസ്ഥാനുമായും ഇറാനുമായും ബന്ധപ്പെട്ടത്. തുടര്‍ന്നാണ് ഇരുരാജ്യങ്ങളും അന്വേഷണം നടത്തിയത്.

സന്ദര്‍ശക വിസയിലാണ് ഇവര്‍ ഇറാനിലേക്ക് പോയിരിക്കുന്നത്. അവിടെ നിന്നും അഫ്ഗാനിസ്ഥാനിലേക്ക് കടക്കാന്‍ ഇവര്‍ അനധികൃതമായ മറ്റു വഴികള്‍ ഉപയോഗിച്ചതിനാലാകും ഇവരെക്കുറിച്ച് ഇരുരാജ്യങ്ങള്‍ക്കും ഔദ്യോഗിക വിവരങ്ങള്‍ ലഭിക്കാത്തതെന്നും ഒരു എന്‍ഐഎ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കാസര്‍ഗോഡ്, പാലക്കാട് എന്നിവിടങ്ങളില്‍ നിന്നാണ് 21 പേരെ ദുരൂഹ സാഹചര്യത്തില്‍ കാണാതായത്. ഇതില്‍ ഒരു സംഘം മസ്‌കറ്റ്, ദുബായ് എന്നിവടങ്ങളിലൂടെ തെഹ്‌റാനിലെത്തിയതായി എന്‍ഐഎക്ക് വിവരം ലഭിച്ചിരുന്നു. ഇവരില്‍ ചിലര്‍ തങ്ങള്‍ ഐഎസില്‍ എത്തിയെന്ന് ബന്ധുക്കള്‍ക്ക് സന്ദേശമയയ്ക്കുകയും ചെയ്തിരുന്നു.

ഇതിനിടെ കാസര്‍ഗോഡുനിന്നു കാണാതായ മലയാളികളുടെ ബന്ധുക്കള്‍ക്ക് വീണ്ടും മൊബൈല്‍ സന്ദേശം ലഭിച്ചു. കാണാതായ ഡോ. ഇജാസിന്റെ ഭാര്യ റുഹൈല പെണ്‍കുഞ്ഞിനു ജന്മം നല്‍കി എന്നാണ് സന്ദേശത്തില്‍ പറഞ്ഞിരിക്കുന്നത്. കാണാതായ അശ്ഫാഖ് എന്നയാള്‍ ഇജാസിന്റെ സഹോദരിയുടെ ഫോണിലേക്കാണ് സന്ദേശം അയച്ചത്.

Top