കാണാതായ വിദ്യാര്‍ത്ഥിയെ ക്യാമ്പസിലെ ശൗചാലയത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീകാര്യം: കഴിഞ്ഞ ദിവസം സിഇടി ക്യാംപസില്‍ നിന്നും കാണാതായ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. കാമ്പസിലെ ശൗചാലയത്തില്‍ തൂങ്ങിമരിച്ചനിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സി.ഇ.ടി.യിലെ ഒന്നാംവര്‍ഷ സിവില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയും നെയ്യാറ്റിന്‍കര സ്വദേശിയുമായ രതീഷ് കുമാറിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

രതീഷിന് കഞ്ചാവ് മാഫിയയുടെ ഭീഷണി ഉണ്ടായിരുന്നതായി സുഹൃത്തുക്കള്‍ ആരോപിച്ചു. കഞ്ചാവ് മാഫിയയുമായി ബന്ധമുള്ളവര്‍ പലവട്ടം രതീഷിനെ മര്‍ദ്ദിച്ചിരുന്നുവെന്നും പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ലെന്നും ഇവര്‍ കുറ്റപ്പെടുത്തി.

രതീഷിനെ കാണാതായ വിവരം അറിയിച്ചിട്ടും പൊലീസ് എത്താന്‍ വൈകിയെന്നാണ് ഇവര്‍ ആരോപിച്ചത്. കഴിഞ്ഞ രണ്ട് ദിവസവും പൊലീസ് കാര്യമായ തെരച്ചില്‍ നടത്തിയില്ലെന്നും ഇവര്‍ ആരോപിച്ചു.

മാസങ്ങള്‍ക്കു മുന്‍പ് നെയ്യാറ്റിന്‍കരയില്‍ രതീഷ് താമസിച്ചിരുന്ന വീടിനു മുന്നിലെ കടയില്‍ കഞ്ചാവുവില്പന നടക്കുകയും എക്സൈസ് കട പരിശോധിച്ച് പ്രതികളെ പിടികൂടുകയും ചെയ്തിരുന്നു. കഞ്ചാവ് വില്പനക്കരെ കുറിച്ച് രതീഷ് എക്‌സൈിന് വിവരം നല്‍കിയിരുന്നു. ഇതാണ് പകയ്ക്ക് കാരണമെന്നും സുഹൃത്തുക്കള്‍ പറഞ്ഞു.

കാണാതായ ശേഷവും രതീഷിന്റെ മൊബൈല്‍, കോളജ് പരിസരത്ത് സിഗ്‌നല്‍ കാണിച്ചിട്ടും പൊലീസിന് കണ്ടെത്താനായില്ലെന്നും സുഹൃത്തുക്കള്‍ കുറ്റപ്പെടുത്തി. കാണാതായി, 24 മണിക്കൂറോളം സിഗ്‌നല്‍ ഉണ്ടായിരുന്നുവെന്നും ഇവര്‍ പറഞ്ഞു.

മകന്റെ മരണത്തില്‍ സംശയമുണ്ടെന്ന് അമ്മ ഗിരിജ പൊലീസിനോട് പറഞ്ഞു. ആര്‍ഡിഒയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തണമെന്ന് അമ്മ ആവശ്യപ്പെട്ടു. ആര്‍ഡിഒ ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റും.

Top