കുഞ്ഞിനെ കാണാതായ സംഭവം; യുവതിയുടെ ബന്ധുക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു

തിരുവനന്തപുരം: നവജാത ശിശുവിനെ അമ്മയില്‍ നിന്ന് വേര്‍പിരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. തിരുവനന്തപുരം സ്വദേശിനി അനുപമയുടെ പരാതിയിലാണ് നടപടി. അനുപമയുടെ അച്ഛന്‍ ജയചന്ദ്രന്‍, അമ്മ,സഹോദരി, സഹോദരീ ഭര്‍ത്താവ്, ജയചന്ദ്രന്റെ രണ്ട് സുഹൃത്തുക്കള്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

സംഭവം വിവാദമായതിന് പിന്നാലെയാണ് നടപടി. പരാതി നല്‍കി ആറ് മാസത്തിന് ശേഷമാണ് പൊലീസ് കേസെടുത്തത്. കഴിഞ്ഞ് ഏപ്രില്‍ 19 ന് കുഞ്ഞിനെ തന്റെ ബന്ധുക്കള്‍ എടുത്തുകൊണ്ടുപോയെന്ന് കാണിച്ച് അനുപമ പേരൂര്‍ക്കട പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ കേസെടുക്കാന്‍ പൊലീസ് തയ്യാറായില്ലെന്ന് യുവതി ആരോപിച്ചിരുന്നു.

ദുരഭിമാനത്തെ തുടര്‍ന്നാണ് കുഞ്ഞിനെ ബന്ധുക്കള്‍ കൊണ്ടുപോയതെന്നാണ് അനുപമയുടെ ആരോപണം. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 19നാണ് അനുപമ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.പ്രസവിച്ച് മൂന്നാം ദിവസമാണ് രക്ഷിതാക്കള്‍ കുഞ്ഞിനെ കൊണ്ടുപോയത്. സഹോദരിയുടെ വിവാഹം കഴിഞ്ഞ് കുട്ടിയെ തിരിച്ചേല്‍പിക്കാം എന്ന് അച്ഛനും അമ്മയും പറഞ്ഞിരുന്നു. സഹോദരിയുടെ വിവാഹം കഴിഞ്ഞ് രണ്ട് മാസം പിന്നിട്ടിട്ടും കുട്ടിയെ കിട്ടില്ലെന്നായപ്പോള്‍ അനുപമ വീടുവിട്ടിറങ്ങി, കുട്ടിയുടെ പിതാവായ അജിത്തിനൊപ്പം താമസം തുടങ്ങിയിരുന്നു.

Top