കാലടി സര്‍വകലാശാലയില്‍ നിന്നും കാണാതായ ഉത്തരപേപ്പറുകള്‍ കണ്ടെത്തി

കാലടി: കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ നിന്നും കാണാതായ ഉത്തരപേപ്പറുകള്‍ കണ്ടെത്തി. ഡെപ്യൂട്ടി രജിസ്ട്രാറുടെ അലമാരയില്‍ നിന്നാണ് ഉത്തര പേപ്പറുകള്‍ കണ്ടെത്തിയത്. എംഎ സ0സ്‌കൃത0 സാഹിത്യ0 വിഭാഗം മൂന്നാം സെമസ്റ്ററിലെ 276 പേപ്പറുകളാണ് കാണാതായത്. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട സര്‍വകലാശാല പരീക്ഷ ചുമതലയുള്ള മൂല്യ നിര്‍ണ്ണയ സമിതി ചെയര്‍മാനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ജൂലൈ മുപ്പതിന് ഈ വിഷയത്തില്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് ചേരാനിരിക്കെയാണ് ഉത്തരക്കടലാസുകള്‍ തിരിച്ചു കിട്ടിയത്.

അതേസമയം സംഭവത്തില്‍ സസ്‌പെന്‍ഷനിലായ മൂല്യ നിര്‍ണ്ണയ സമിതി ചെയര്‍മാന്‍ ഡോ.കെ എം സംഗമേശനെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് അധ്യാപക സംഘടന സമരം തുടങ്ങിയിരുന്നു. പരീക്ഷ ചുമതലയുള്ള ചെയര്‍മാനെ സസ്പെന്‍ഡ് ചെയ്ത് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിയാനുള്ള സര്‍വകലാശാലയുടെ നീക്കത്തിനെതിരെയാണ് അധ്യാപകര്‍ രംഗത്തെത്തിയത്.

അധ്യാപകരുടെ സംഘടനയായ എഎസ്എസ്യുടിയുടെ നേതൃത്യത്തിലാണ് വൈസ് ചാന്‍സിലറുടെ ചേമ്പറിന് മുന്നില്‍ ഉപവാസ സമരം സംഘടിപ്പിച്ചത്. കാണാതായ വിഷയത്തില്‍ മൂല്യനിര്‍ണയത്തിന് ശേഷം ഉത്തരക്കടലാസുകള്‍ കൈമാറിയെന്നാണ് ഡോ. സംഗമേശ് വിശദീകരണം നല്‍കിയിരുന്നത്.

ആശങ്കയോടെ വൈസ് ചാന്‍സിലറെ കാണാനെത്തിയ വിദ്യാര്‍ത്ഥികളോട് മിണ്ടാന്‍പോലും ആരും തയ്യാറായിരുന്നില്ല. സര്‍വകലാശാലയില്‍ നിന്ന് നീതി ലഭിക്കുമെന്ന പ്രതീക്ഷപോയ വിദ്യാര്‍ത്ഥികള്‍ പ്രശ്‌നം ഗവര്‍ണറുടെ ശ്രദ്ധയിലെത്തിച്ചിരുന്നു. ഇതിനിടെ ഉത്തരക്കടലാസ് കാണാതായ സംഭവത്തില്‍ അട്ടിമറി നടന്നതായി അധ്യാപകന്‍ ഡോ.കെ എം സംഗമേശന്‍ പറഞ്ഞു . ഉത്തരകടലാസ് ലഭിച്ചതായി പൊലീസ് തന്നെ വിളിച്ചറിയിച്ചെന്നും സംഭവത്തിന് പിന്നില്‍ ഗൂഢലയോചനയുണ്ടെന്നും അധ്യാപകന്‍ പറയുന്നു.

 

Top