മൂല്യനിര്‍ണയത്തിനുള്ള ഉത്തരകടലാസുകള്‍ കാണാതായി; തപാല്‍ വകുപ്പിന്റെത് ഗുരുതര വീഴ്ച

പാലക്കാട്: മൂല്യനിര്‍ണയത്തിന് പാലക്കാട്ടേക്ക് അയച്ച പ്ലസ്ടു ഉത്തരക്കടലാസ് കാണാതായ സംഭവത്തില്‍ തപാല്‍ വകുപ്പിന് ഗുരുതര വീഴ്ചയെന്ന് കണ്ടെത്തല്‍. രജിസ്‌ട്രേഡ് തപാലില്‍ ആയിട്ടും ട്രാക്ക് ചെയ്യാതിരുന്നതാണ് പാഴ്‌സല്‍ നഷ്ടമാകാന്‍ കാരണമെന്ന് കണ്ടെത്തി. സംഭവത്തില്‍ തപാല്‍ വകുപ്പ് ഉന്നതതല അന്വേഷണം തുടരുകയാണ്.

കോവിഡ് കാരണം ഡ്യൂട്ടിയിലുള്ള ജീവനക്കാരുടെ കുറവാണ് പാഴ്‌സല്‍ കൈകാര്യം ചെയ്തതിലുള്ള വീഴ്ചക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നത്. കണക്ക് പരീക്ഷയുടെ 61 ഉത്തരക്കടലാസുകള്‍ അടങ്ങിയ പാഴ്‌സലാണ് കാണാതായത്. എറണാകുളത്തുനിന്ന് അയച്ച പാഴ്‌സല്‍ വഴിമാറി തമിഴ്‌നാട്ടിലെത്തിയിരിക്കാമെന്നാണ് തപാല്‍ വകുപ്പ് നിഗമനം.

ഇതിന്റെ അടിസ്ഥാനത്തില്‍ തമിഴ്‌നാട് ഉള്‍പ്പെടെ രാജ്യത്തെ മുഴുവന്‍ പോസ്റ്റല്‍ സര്‍ക്കിളുകളിലേക്കും വിവരം നല്‍കിയിട്ടുണ്ട്. കൊല്ലം ജില്ലയിലെ മുട്ടറ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഉത്തരക്കടലാസുകളാണ് കാണാതായത്. മുട്ടറ സ്‌കൂളില്‍നിന്ന് മൂല്യനിര്‍ണയ കേന്ദ്രമായ പാലക്കാട് ഗവ. മോയന്‍സ് ഗേള്‍സ് സ്‌കൂളിലേക്ക് അയക്കേണ്ട ഉത്തരക്കടലാസ് എറണാകുളം എസ്.ആര്‍.വി.എച്ച്.എസ്.എസിലേക്കാണ് അയച്ചത്.

എറണാകുളത്തേക്കുള്ള കെമിസ്ട്രി ഉത്തരക്കടലാസിനൊപ്പം കണക്കുപരീക്ഷയുടേതുംകൂടി അയക്കുകയായിരുന്നു. ഈ ഉത്തരകടലാസുകള്‍ എറണാകുളത്തുനിന്ന് ജൂണ്‍ ഒമ്പതിന് തിരിച്ച് പാലക്കാട്ടേക്ക് രജിസ്‌ട്രേഡ് തപാലില്‍ അയച്ച പാഴ്‌സലാണ് കാണാതായത്.

Top