Missing Air Force AN-32 Plane Had Basic Search Equipment Missing

ചെന്നൈ: പറക്കലിനിടെ കാണാതായ വ്യോമസേനാ വിമാനം എഎന്‍ 32ലെ എമര്‍ജന്‍സി ലൊക്കേറ്റര്‍ ട്രാന്‍സ്മിറ്ററിന് (ഇഎല്‍ടി) വെള്ളത്തിനടിയില്‍നിന്ന് അടയാളങ്ങളയയ്ക്കാനുള്ള ശേഷിയില്ലെന്നു വെളിപ്പെടുത്തല്‍.

കാണാതായി 11 ദിവസം കഴിഞ്ഞിട്ടും വിമാനം എവിടെയാണെന്ന സൂചന ലഭിച്ചിട്ടില്ല. ഇതിനിടെയാണു വിമാനത്തിലെ ഇഎല്‍ടിക്കു കടലിനടിയില്‍ നിന്നു സൂചന അയയ്ക്കാന്‍ കഴിയില്ലെന്ന വിവരം പുറത്തുവരുന്നത്.

അടയാളങ്ങളൊന്നും ലഭിക്കാത്തതിനാല്‍ തിരച്ചില്‍ അതീവ ദുഷ്‌കരമായിരിക്കുകയാണ്. ശബ്ദതരംഗങ്ങളുപയോഗിച്ചു കടലിനടിയില്‍ തിരയാനുളള ശ്രമമാണ് ഇപ്പോള്‍ നടത്തുന്നത്. കടലിനടിയിലൂടെ ശക്തമായ ശബ്ദതരംഗങ്ങള്‍ അയയ്ക്കുകയും അത് ഏതെങ്കിലും ലോഹ പ്രതലത്തില്‍ തട്ടി പ്രതിഫലിക്കുന്നുണ്ടോയെന്നു പരിശോധിക്കുകയുമാണു ചെയ്യുക.

എന്നാല്‍, ഇത്തരത്തിലുള്ള തിരച്ചില്‍ ഏറെ പ്രയാസമേറിയതും സമയമെടുക്കുന്നതുമാണ്. രണ്ട് ഇഎല്‍ടികളാണു കാണാതായ വിമാനത്തിലുള്ളത്. ഇതില്‍ ഒന്ന് യുഎസ് നിര്‍മിതവും മറ്റൊന്നു ഫ്രഞ്ച് നിര്‍മിതവുമാണ്. അടിയന്തര സാഹചര്യത്തില്‍ പൈലറ്റിന് ഇഎല്‍ടി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും.

എന്നാല്‍ കാണാതായ വിമാനത്തിലുള്ളതു കടലിനടിയില്‍ പ്രവര്‍ത്തിക്കാത്ത തരം ഇഎല്‍ടികളാണ്. ആധുനിക വിമാനങ്ങള്‍ക്കുള്ള ഓട്ടോമാറ്റിക് ഡിപ്പന്‍ഡന്റ് സര്‍വെയ്‌ലന്‍സ് സംവിധാനവും വിമാനത്തിലില്ല. ഈ സംവിധാനമുണ്ടായിരുന്നെങ്കില്‍ വിമാനത്തിന്റെ സഞ്ചാരപാത പൂര്‍ണമായും കണ്ടെത്താന്‍ കഴിയുമായിരുന്നുവെന്നു വിലയിരുത്തപ്പെടുന്നു.

Top