‘നിങ്ങളുടെ വേര്‍പാട് എന്നെ വളരെയധികം ദുഃഖിതയാക്കുന്നു’; വികാരനിര്‍ഭരയായി സുലെ

മുംബൈ: ശിവസേന പ്രസിഡന്റ് ഉദ്ദവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. അതെസമയം രാഷ്ട്രീയം മറന്ന് വികാരാധീനയായ എന്‍സിപി എംപിയും ശരത് പവാറിന്റെ മകളുമായ സുപ്രിയ സുലെയുടെ വാക്കുകളാണ് ദേശീയ മാധ്യമങ്ങളില്‍ അടക്കം ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. സേന മേധാവിയുടെ പിതാവ് പരേതനായ ബാല്‍ താക്കറെയും അമ്മ മീനതായ് താക്കറെയും ഈ സുവര്‍ണ നിമിഷത്തിന് സാക്ഷ്യം വഹിക്കണമായിരുന്നു എന്നാണ് സുലെ നിറകണ്ണുകളോടെ പറഞ്ഞത്.

ബാല്‍ താക്കറയും ഭാര്യയും തന്നോട് സ്‌നേഹത്തോടും വാത്സല്യത്തോടും കൂടിയാണ് പെരുമാറിയിരുന്നതെന്നും ”ഒരു മകളേക്കാള്‍ കൂടുതല്‍” കരുതലോടെയാണ് തന്നെ കണ്ടിരുന്നതെന്നും അവരുടെ വിയോഗം തനിക്ക് താങ്ങാവുന്നതിലും അപ്പുറമാണെന്നും സുലെ കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രീയരംഗത്ത് പരസ്പരം കടുത്ത വിമര്‍ശകരായിരുന്നു പവാറും ബാല്‍ താക്കറെയും. എന്നാല്‍ വ്യക്തി ജീവിതത്തില്‍ ഇരു നേതാക്കളും നല്ല ബന്ധത്തിലായിരുന്നു.

കോണ്‍ഗ്രസില്‍ നിന്നും രൂപം കൊണ്ട പാര്‍ട്ടിയാണ് എന്‍സിപി, എന്നാല്‍ ശിവസേന അങ്ങനെയല്ല മാത്രമല്ല, ഒരുകാലത്ത് ബദ്ധ ശത്രുക്കളുമായിരുന്നു. അതെല്ലാം മറന്നുകൊണ്ടാണ് ഇപ്പോള്‍ മാഹരാഷ്ട്രയില്‍ ശിവസേന സര്‍ക്കാര്‍ രൂപീകരിക്കുന്നത്.

‘മാ സാഹിബും ബാല സാഹേബും – നിങ്ങളുടെ വേര്‍പാട് എന്നെ വളരെയധികം ദുഃഖിതയാക്കുന്നു. നിങ്ങള്‍ രണ്ടുപേരും ഇന്ന് ഇവിടെ ഉണ്ടായിരിക്കണമായിരുന്നു. ഒരു മകളേക്കാള്‍ കൂടുതല്‍ സ്‌നേഹത്തോടും വാത്സല്യത്തോടും കൂടിയാണ് അവര്‍ എന്നോട് പെരുമാറിയത്! എന്റെ ജീവിതത്തില്‍ അവരുടെ പങ്ക് എല്ലായ്‌പ്പോഴും സവിശേഷവും അവിസ്മരണീയവുമായിരിക്കും!’ സുലെ ട്വീറ്റ് ചെയ്തു.

Top