മോഡലുകളുടെ മരണം; ഹാര്‍ഡ് ഡിസ്‌ക് കണ്ടെടുക്കാന്‍ കായലില്‍ തെരച്ചില്‍

കൊച്ചി: മോഡലുകള്‍ അപകടത്തില്‍ മരിച്ച കേസില്‍ കായലില്‍ എറിഞ്ഞ ഹാര്‍ഡ് ഡിസ്‌ക് കണ്ടെടുക്കാന്‍ തെരച്ചില്‍ തുടങ്ങി. സ്‌കൂബ ടീമിനെ ഉപയോഗിച്ചാണ് തെരച്ചില്‍.

ഹാര്‍ഡ് ഡിസ്‌ക് കായലില്‍ ഉപേക്ഷിച്ചതായി റോയി വയലാറ്റ് അടക്കമുള്ള പ്രതികള്‍ മൊഴി നല്‍കിയിരുന്നു. കണ്ണങ്കാട്ട് കായലിലാണ് പരിശോധന നടക്കുന്നത്. റോയി വയലാറ്റ് ഒഴികെയുള്ള പ്രതികളെ സ്ഥലത്ത് എത്തിച്ചു. ഇവര്‍ ചൂണ്ടിക്കാണിച്ചു നല്‍കിയ കായലിന്റെ മധ്യഭാഗത്തായാണ് പരിശോധന. രണ്ടാംപ്രതി റോയുടെ വീടിനോട് ചേര്‍ന്നാണ് ഈ കായല്‍.

അപകടത്തിന് തൊട്ടുമുമ്പ് മോഡലുകള്‍ പങ്കെടുത്ത ഡിജെ പാര്‍ട്ടിയുടെ ദൃശ്യങ്ങളാണ് ഹാര്‍ഡ് ഡിസ്‌കില്‍ ഉള്ളത്. മോഡലുകളുടെ കാര്‍ അപകടത്തില്‍പ്പെട്ട അന്ന് തന്നെ പ്രതികള്‍ ഇവിടെ വന്ന് ഹാര്‍ഡ് ഡിസ്‌ക് ഉപേക്ഷിച്ചു.

ഡിജെ പാര്‍ട്ടിക്കിടെ അസ്വാഭാവിക സംഭവങ്ങള്‍ നടന്നിട്ടുണ്ടാകാം എന്നും അത് മറയ്ക്കാനാകാം ഹാര്‍ഡ് ഡിസ്‌ക് ഉപേക്ഷിച്ചതെന്നുമാണ് പൊലീസിന്റെ നിഗമനം. അതിനാല്‍ ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്തുക കേസില്‍ നിര്‍ണായകമാണ്.

അപകടത്തില്‍പ്പെട്ട കാറിനെ പിന്തുടര്‍ന്ന ഔഡി കാറിന്റെ ഡ്രൈവര്‍ സൈജു നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ ദിവസം ഹരജിയില്‍ സര്‍ക്കാരിനോട് ഹൈക്കോടതി നിലപാട് തേടിയിരുന്നു.

Top