മിസ് ഇന്ത്യ 2022 കിരീടം സിനി ഷെട്ടിക്ക്

മുംബൈ : ഫെമിന മിസ് ഇന്ത്യ 2022 കിരീടം കര്‍ണാടകയിൽ നിന്നുള്ള സിനി ഷെട്ടി നേടി. ഫസ്റ്റ് റണ്ണര്‍ അപ്പായി രാജസ്ഥാൻ സ്വദേശി രുബാല്‍ ഷെഖാവത്തും സെക്കന്‍ഡ് റണ്ണറപ്പായി ഉത്തര്‍ പ്രദേശിൽ നിന്നുള്ള ശിനാത്താ ചൗഹാനും തെരഞ്ഞെടുക്കപ്പെട്ടു. ജിയോ വേള്‍ഡ് കണ്‍വെൻഷൻ സെന്റെറില്‍ വച്ച് നടന്ന ഫിനാലെയില്‍ ഇന്നലെയാണ് സിനി ഷെട്ടി മിസ് ഇന്ത്യ കിരീടം ചൂടിയത്.

ആകെ 31 പേരാണ് മത്സരിച്ചത്. മുംബൈയില്‍ നടന്ന ഗ്രൂമിംഗ് സെഷനുകള്‍ക്കും പരിശീലന പരിപാടികള്‍ക്കും ശേഷമാണ് ഫിനാലെ നടന്നത്. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഓണ്‍ലൈനായായിരുന്നു മിസ് ഇന്ത്യ 2022 ഓഡിഷനുകള്‍ നടന്നത്. ഇതിന് ശേഷം പല ഘട്ടങ്ങളിലായി നടന്ന മത്സരങ്ങള്‍ക്കും അഭിമുഖങ്ങള്‍ക്കും ശേഷം തെരഞ്ഞെടുക്കപ്പെട്ടവര്‍ മുംബൈയിലേക്ക് ക്ഷണിക്കപ്പെടുകയായിരുന്നു.

സിനിമാതാരങ്ങളായ നേഹ ധൂപിയ, ദിനോ മൊറേയ, മലൈക അറോറ, ഡിസൈനര്‍മാരായ രോഹിത് ഗാന്ധി, രാഹുല്‍ ഖന്ന, കൊറിയോഗ്രാഫര്‍ ശ്യാമക് ദവാര്‍, മുൻ ക്രിക്കറ്റ് താരം മിഥാലി രാജ് എന്നിവരായിരുന്നു ജൂറി.

കൊവിഡ് മൂലം ഓണ്‍ലൈനായി ഓഡിഷൻ നടത്തപ്പെട്ടപ്പോള്‍ അത് വലിയ വെല്ലുവിളിയായിരുന്നുവെന്നും എന്നാല്‍ മിടുക്കരായ മത്സരാര്‍ത്ഥികളെ കാണാനും അവരോട് സംസാരിക്കാനുമെല്ലാം സാധിച്ചപ്പോള്‍ ഏറെ സന്തോഷം തോന്നിയെന്നും ജൂറി അംഗവും നടിയുമായ നേഹ ധൂപിയ പറഞ്ഞു.

Top