സ്ത്രീ വിരുദ്ധ പരാമര്‍ശം; മന്‍സൂര്‍ അലിഖാന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

ചെന്നൈ: സ്ത്രീ വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ കേസെടുത്ത നടന്‍ മന്‍സൂര്‍ അലിഖാന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. വെള്ളിയാഴ്ച ചെന്നൈയിലെ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.

തൃഷ തന്നെയാണ് നടനെതിരേ ആദ്യം ശക്തമായി രംഗത്തുവന്നത്. ഇനിയൊരിക്കലും കൂടെ അഭിനയിക്കില്ലെന്നും അവര്‍ വ്യക്തമാക്കി. ഇതിനുപിന്നാലെ മന്‍സൂര്‍ അലിഖാനെതിരേ സിനിമാലോകത്തുനിന്ന് വ്യാപകപ്രതിഷേധവും ഉയര്‍ന്നു. താന്‍ തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്നും ഒരിക്കലും മാപ്പുപറയില്ലെന്നുമാണ് മന്‍സൂര്‍ അലിഖാന്‍ ആദ്യം വ്യക്തമാക്കിയിരുന്നത്. എന്നാല്‍ വ്യാഴാഴ്ച ഖേദപ്രകടനം നടത്തി. താന്‍ നടത്തിയ പരാമര്‍ശം വേദനയുണ്ടാക്കിയതില്‍ ഖേദിക്കുന്നുവെന്നും നടിയെന്നനിലയില്‍ താന്‍ ഏറെ ബഹുമാനിക്കുന്ന വ്യക്തിയാണ് തൃഷയെന്നും മന്‍സൂര്‍ അലിഖാന്‍ പ്രതികരിച്ചു.

തൗസന്റ് ലൈറ്റ്സ് പോലീസാണ് മന്‍സൂര്‍ അലിഖാനെതിരേ കേസെടുത്തിരുന്നത്. ഇതേത്തുടര്‍ന്നാണ് മുന്‍കൂര്‍ജാമ്യം തേടി നടന്‍ കോടതിയെ സമീപിച്ചത്. അടുത്തിടെ പുറത്തിറങ്ങിയ ‘ലിയോ’ എന്ന ചിത്രവുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ തൃഷ അടക്കമുള്ള തമിഴ്നടിമാരെ ബന്ധപ്പെടുത്തി നടത്തിയ പരാമര്‍ശമാണ് കേസിനടിസ്ഥാനം.

 

Top