കോവിഡിനെ തടയുമെന്നതുള്‍പ്പെടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍; പ്രമുഖ കമ്പനികള്‍ക്ക് വന്‍തുക പിഴ

ഡല്‍ഹി: ഉപഭോക്താക്കളില്‍ തെറ്റിദ്ധാരണ ജനിപ്പിക്കുന്ന വിധത്തിലുള്ള പരസ്യങ്ങള്‍ നല്‍കിയതിന് ഏഷ്യന്‍ പെയിന്റ്സ്, ബെര്‍ജര്‍ പെയിന്റ് തുടങ്ങിയവ ഉള്‍പ്പെടെ പ്രമുഖ കമ്പനികള്‍ക്ക് പിഴ. കോവിഡിനെതിരെ സംരക്ഷണം വാഗ്ദാനം ചെയ്യുന്ന പരസ്യങ്ങള്‍ നല്‍കിയതിനാണ് കമ്പനികള്‍ക്ക് പിഴ ചുമത്തിയത്. കമ്പനികള്‍ തിരുത്തല്‍ നടപടികള്‍ സ്വീകരിക്കുകയും ഒരു ലക്ഷം മുതല്‍ 10 ലക്ഷം വരെയുള്ള പിഴ അടയ്ക്കുകയും ചെയ്തിട്ടുണ്ടെന്ന് ഉപഭോക്തൃകാര്യ മന്ത്രാലയം അഡീഷണല്‍ ചീഫ് സെക്രട്ടറി നിധി ഖാരെ പറഞ്ഞു. കോവിഡ് കാലത്ത് ആളുകളുടെ പരിഭ്രാന്തി മുതലെടുത്ത് നിരവധി കമ്പനികള്‍ കോവിഡ് പരിരക്ഷയുമായി ബന്ധപ്പെട്ട വിവിധ അവകാശവാദങ്ങളുന്നയിച്ച് പരസ്യങ്ങള്‍ ഇറക്കിയിരുന്നു. ഇത് കച്ചവടത്തില്‍ വന്‍ വര്‍ധനവാണുണ്ടാക്കിയത്.

കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി 129 നോട്ടീസുകള്‍ക്ക് നല്‍കിയ ശേഷം 2019ല്‍ പുറപ്പെടുവിച്ച ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം പ്രധാന കമ്പനികളുടെ 71ഓളം തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളാണ് വിലക്കിയത്. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി നല്‍കിയ 129 നോട്ടീസുകളില്‍ 49 എണ്ണം അന്യായമായ വില്‍പന തന്ത്രങ്ങള്‍ക്കെതിരെയും ഒമ്പത് എണ്ണം ഉപഭോക്താക്കളുടെ അവകാശത്തെ ഹനിച്ചതിനെതിരെയുമാണെന്നും ഖാരെ കൂട്ടിച്ചേര്‍ത്തു.

Top