മിഷേലിന്റേത് കൊലപാതകം ; ക്രൈംബ്രാഞ്ച് സംഘത്തിനെതിരെ വിമർശനവുമായി പിതാവ്

കൊച്ചി: വിവാദമായ സി.എ വിദ്യാര്‍ത്ഥിനി മിഷേലിന്റെ ദുരൂഹ മരണത്തില്‍ കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പിതാവ് ഷാജി വര്‍ഗ്ഗീസ് രംഗത്ത്.

ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ വിശ്വാസം നഷ്ടപ്പെട്ടതായി അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് ആറിന് വൈകീട്ട് ആണ് മിഷേലിന്റെ മൃതദേഹം ദുരൂഹമായ അവസ്ഥയില്‍ വേമ്പനാട് കായലില്‍ ഐലന്‍ഡ് വാര്‍ഫിനടുത്തു കണ്ടെത്തിയത്.

ആദ്യം ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ഐ.ജി ശ്രീജിത്തിന്റെ മേല്‍നോട്ടത്തിലുള്ള ക്രൈംബ്രാഞ്ച് സംഘത്തിന് കൈമാറുകയായിരുന്നു.

misheal shaji, Crime Branch

ക്രൈംബ്രാഞ്ച് സംഘം ഗോശ്രീ പാലത്തിനു മുകളില്‍ നിന്ന് ‘സി.ബി.ഐ ഡയറിക്കുറിപ്പ് ‘ സിനിമാ മോഡലില്‍ ഡമ്മി പരീക്ഷണം നടത്തിയത് സേനക്ക് അകത്ത് തന്നെ പരിഹാസ്യമായിരുന്നു.

അന്വേഷണം ശരിയായ രീതിയിലല്ല നടന്നതെന്ന വിമര്‍ശനങ്ങള്‍ക്ക് കൂടുതല്‍ ശക്തി പകര്‍ന്നാണ് ഇപ്പോള്‍ പിതാവ് തന്നെ രംഗത്തെത്തിയിരിക്കുന്നത്. മിഷേല്‍ ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസ് ഹൈക്കോടതിയെ അറിയിച്ചിരുന്നത്.

മിഷേലിനെ കാണാതായ ദിവസം ക്രോണിന്‍ ഫോണിലും എസ്എംഎസ് മുഖേനയും മാനസികമായി ബുദ്ധിമുട്ടിച്ചതിനെ തുടര്‍ന്നാണ് ആത്മഹത്യയത്രേ. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അനുസരിച്ചു മുങ്ങിമരണമാണെന്നും ബലപ്രയോഗമോ പീഡനശ്രമമോ ഉണ്ടായിട്ടില്ലെന്നു റിപ്പോര്‍ട്ടിലും ഡോക്ടറുടെ മൊഴിയിലും വ്യക്തമാണെന്നായിരുന്നു ക്രൈംബ്രാഞ്ച് നിഗമനം. സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു മിഷേലിന്റെ പിതാവ് ഷാജി വര്‍ഗീസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് അന്വേഷണ സംഘത്തിന്റെ ഈ വിശദീകരണം.

misheal shaji, Crime Branch

എന്നാല്‍, മിഷേല്‍ ആത്മഹത്യ ചെയ്തതാണെന്ന പൊലീസിന്റെ വാദം ശരിയല്ലെന്നും കൊലപാതകമാണെന്നും ഷാജി വര്‍ഗീസ് വാദിക്കുന്നു. 16 മാസം കഴിഞ്ഞിട്ടും ദുരൂഹത മാറിയിട്ടില്ല. ആത്മഹത്യയാണെന്നു പറയുന്ന പൊലീസും ക്രൈംബ്രാഞ്ചും എന്തുകൊണ്ടാണ് അന്വേഷണം പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് നല്‍കാത്തതെന്നും ഷാജി വര്‍ഗീസ് ചോദിക്കുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ് ഷാജിയും ആക്ഷന്‍ കമ്മിറ്റിയും.

മിഷേലിന്റെ പിതാവ് ഉന്നയിക്കുന്ന പ്രധാന വാദങ്ങള്‍

1. മിഷേലിനെ കാണാതായി, 24 മണിക്കൂറോളം കഴിഞ്ഞാണു മൃതദേഹം കിട്ടിയത്. പക്ഷേ, മൃതദേഹം തീരെ അഴുകിയിരുന്നില്ല. വെള്ളത്തില്‍ വീണിട്ടു കുറച്ചു മണിക്കൂറുകള്‍ മത്രമേ ആയിട്ടുള്ളൂ എന്ന നിലയിലായിരുന്നു മൃതദേഹം. വെള്ളം കുടിച്ചതിന്റെ ലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ല. മീനുകളോ ഈ ഭാഗത്തു വെള്ളത്തില്‍ കാണാറുള്ള പ്രാണികളോ മൃതദേഹത്തെ കൊത്തിയിട്ടില്ല. മൃതദേഹങ്ങളെ രണ്ടു മണിക്കൂറിനുള്ളില്‍ തന്നെ മീനുകളും മറ്റു ജലജീവികളും ആക്രമിക്കുമെന്നാണു പ്രദേശത്തെ മത്സ്യത്തൊഴിലാളികള്‍ പറയുന്നത്.

2. ഇതേ പാലത്തില്‍ നിന്നു വീണ്, മുങ്ങിമരിച്ച നിലയില്‍ പിന്നീടു കണ്ടെത്തിയ രണ്ടു സ്ത്രീകളുടെയും മൃതദേഹങ്ങള്‍ വികൃതമായിരുന്നു. മാത്രമല്ല, മിഷേലിന്റെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന്റെ എതിര്‍ ഭാഗത്തു നിന്നാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തത്.

3.
ഗോശ്രീ പാലത്തിലേക്കു മിേഷല്‍ നടക്കുന്നതിനു തെളിവായി പൊലീസ് പറയുന്ന ദൃശ്യങ്ങളിലുള്ളതു മിഷേലല്ല.

4. മൃതദേഹത്തിലുണ്ടായിരുന്ന ക്ഷതങ്ങളും പാടുകളും പോസ്റ്റ്‌മോര്‍ട്ടത്തില്‍ പരിഗണിച്ചില്ല.

5. കലൂര്‍ പള്ളിയില്‍ നിന്നിറങ്ങിയ മിഷേലിനെ ബൈക്കില്‍ പിന്തുടര്‍ന്ന രണ്ടു പേരെപ്പറ്റി പൊലീസ് അന്വേഷിച്ചില്ല.

6. മിഷേല്‍ ധരിച്ചിരുന്ന വാച്ച്, മോതിരം, മൊബൈല്‍ ഫോണ്‍ എന്നിവ എങ്ങനെ നഷ്ടപ്പെട്ടുവെന്നു വ്യക്തമല്ല.

സി.ബി.ഐ അന്വേഷണം സാധ്യമാകുംവരെ നിയമപോരാട്ടം തുടരാനാണ് മിഷേലിന്റെ പിതാവിന്റേയും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളുടേയും തീരുമാനം.

Top