ഗോതമ്പില്‍ പൊതിഞ്ഞു പടക്കം; ഗര്‍ഭിണിയായ പശുവിന്റെ വായ് തകര്‍ന്ന് ഗുരുതര പരിക്ക്

ധരംശാല: പടക്കം നിറച്ചിരുന്ന ഗോതമ്പ് കഴിച്ച് ഗര്‍ഭിണിയായ പശുവിന്റെ വായ് തകര്‍ന്ന് ഗുരുതര പരിക്ക്. ഹിമാചല്‍ പ്രദേശിലെ ബിലാസ്പൂര്‍ പ്രദേശത്ത് മേയ് 26നാണ് സംഭവം. സ്‌ഫോടകവസ്തു നിറച്ച തേങ്ങ കഴിച്ച് പരിക്കേറ്റ ആന ചരിഞ്ഞതിന് പിന്നാലെയാണ് ഈ ദാരുണ സംഭവവും.

ഗോതമ്പില്‍ പൊതിഞ്ഞുനല്‍കിയ പടക്കമാണ് അപകടത്തിനിടയാക്കിയത്. വായില്‍നിന്ന് ചോരയൊലിച്ച് നില്‍ക്കുന്ന പശുവിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പശുവിന്റെ ഉടമസ്ഥന്‍ തന്നെയാണ് വീഡിയോ പങ്കുവെച്ചത്. പശു എട്ടുമാസം ഗര്‍ഭിണിയാണെന്ന് ഉടമസ്ഥന്‍ പറഞ്ഞു.

അതേസമയം, പശുവിന് പരിക്കേറ്റ സംഭവത്തില്‍ മേയ് 26 ന് തന്നെ കേസ് രജിസ്റ്റര്‍ ചെയ്തതായി ബിലാസ്പൂര്‍ പൊലീസ് സൂപ്രണ്ട് ദിവാകര്‍ ശര്‍മ പറഞ്ഞു. സംഭവത്തില്‍ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

വന്യമൃഗങ്ങളെ തുരത്തുന്നതിനായി ഇത്തരത്തില്‍ ഭക്ഷ്യവസ്തുക്കളില്‍ സ്‌ഫോടക വസ്തു നിറച്ചുനല്‍കുന്നത് പ്രദേശത്ത് വ്യപകമാണെന്നും എന്നാല്‍ പലപ്പോഴും അപകടത്തില്‍പ്പെടുന്നത് വളര്‍ത്തു മൃഗങ്ങളായിരിക്കുമെന്നും വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.

Top