ഉച്ചഭക്ഷണം പാകം ചെയ്യുന്ന പാത്രത്തില്‍ വീണ് 3 വയസ്സുകാരിക്ക് ദാരുണാന്ത്യം

മിര്‍സാപൂര്‍: സ്‌കൂളിലില്‍ ഉച്ചഭക്ഷണം പാകം ചെയ്യുന്ന പാത്രത്തില്‍ വീണ് വിദ്യാര്‍ത്ഥിനി മരിച്ചു. മിര്‍സാപൂരിലെ ലാല്‍ഗഞ്ച് പ്രദേശത്തെ രാംപൂര്‍ അറ്റാരി സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന അംഗന്‍വാടിയിലാണ് ദാരുണമായ സംഭവം നടന്നത്.

സ്‌കൂളില്‍ ഉച്ചഭക്ഷണം തയ്യാറാക്കിയ പാത്രത്തിലേക്ക് സമീപത്തുണ്ടായിരുന്ന കെട്ടിട നിര്‍മ്മാണ സാമഗ്രികളില്‍ തട്ടി കുട്ടി വീഴുകയായിരുന്നു. അപകടം നടന്ന ഉടന്‍ തന്നെ അധ്യാപകരും പാചകക്കാരും ചേര്‍ന്ന് കുട്ടിയെ അടുത്തുള്ള സര്‍ക്കാര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലില്‍ എത്തിച്ചെങ്കിലും പ്രാഥമിക ചികിത്സയ്ക്ക് ശേഷം മിര്‍സാപൂരിലെ ഡിവിഷണല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാനാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്.

ചികിത്സയിലിരിക്കെ വൈകുന്നേരം 5 മണിയോടെ കുട്ടി മരിക്കുകയായിരുന്നു. 80 ശതമാനത്തിലധികം പൊള്ളലേറ്റതായി പെണ്‍കുട്ടിയെ ചികിത്സിച്ച ഡോക്ടര്‍മാരിലൊരാള്‍ പറഞ്ഞു.

പാചകക്കാരുടെ അശ്രദ്ധ മൂലമാണ് അപകടം സംഭവിച്ചതെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിച്ചു. ചെവിയില്‍ ഇയര്‍ഫോണുകള്‍ വച്ചാണ് ഇവര്‍ പാചകം ചെയ്തതെന്നും അത് കാരണമാണ് കുട്ടി അവിടേക്ക് എത്തിയത് അറിയാതെ ഇരുന്നതെന്നുമാണ് ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സന്തോഷ് കുമാര്‍ യാദവിനെ സസ്‌പെന്‍ഡ് ചെയ്തതായും അന്വേഷണത്തിന് ഉത്തരവിട്ടതായും മിര്‍സാപൂര്‍ ജില്ലാ മജിസ്‌ട്രേറ്റ് സുശീല്‍ പട്ടേല്‍ പറഞ്ഞു. കുറ്റക്കാരെന്ന് കണ്ടെത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top