മിറോസ്ലാവ്​ ക്ലോസെ ബയേണ്‍ മ്യൂണിക്​ അസിസ്റ്റന്റ്‌​ കോച്ച്‌​

മ്യൂണിക്: ജര്‍മനിയുടെ ലോകകപ്പ് ഹീറോ മിറോസ്ലാവ് ക്ലോസെയെ മാനേജര്‍ ഹാന്‍സി ഫ്‌ളിക്കിന്റെ അസിസ്റ്റന്റ് കോച്ചായി ബയേണ്‍ മ്യൂണിക് നിയമിച്ചു.

ജര്‍മന്‍ ഒന്നാം ഡിവിഷന്‍ ഫുട്‌ബോള്‍ ലീഗായ ബുണ്ടസ്ലിഗയില്‍ മേയ് 16ന് വീണ്ടും പന്തുരുളാനിരിക്കേയാണ് മുന്‍ ക്ലബിലേക്കുള്ള ക്ലോസെയുടെ മടങ്ങിവരവ്.

2021 ജൂണ്‍ 30 വരെയാണ് നിയമനം.’വളരെ സന്തോഷമുണ്ട്. ജര്‍മന്‍ ദേശീയ ടീമില്‍ കളിക്കുന്ന കാലം തൊട്ട് ഹാന്‍സി ഫ്‌ളിക്കിനെ അറിയാം. വ്യക്തിപരമായും അല്ലാതെയും ഞങ്ങള്‍ പരസ്പര വിശ്വാസം കാത്തുസൂക്ഷിക്കുന്നുണ്ട്. ഇത് എന്റെ കോച്ചിങ് കരിയറിലെ അടുത്ത കാല്‍വെയ്പ്പാണ്. എന്റെ അനുഭവസമ്പത്ത് വഴി ബയേണിന്റെ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ മികച്ച സംഭാവന നല്‍കാനാകുമെന്നാണ് പ്രതീക്ഷ’ പരിശീലകനായി നിയമിതനായ ശേഷം ക്ലോസെ പ്രതികരിച്ചു. 2014ല്‍ ക്ലോസെ ജര്‍മനിക്ക് കളിക്കുമ്പോള്‍ അസിസ്റ്റന്റ് കോച്ചായിരുന്ന ഫ്‌ളിക്ക്.

പുരുഷ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന റെക്കോഡിനുടമയാണ് 41കാരനായ ക്ലോസെ. നാലുലോകകപ്പുകളിലായി 16 ഗോള്‍ സ്‌കോര്‍ ചെയ്ത ക്ലോസെ 2014ല്‍ ജര്‍മനിക്കൊപ്പം ലോകകിരീടമുയര്‍ത്തി. ജര്‍മനിക്കായി 137 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച ക്ലോസെ 71ഗോളുകള്‍ നേടി. ബയേണ്‍ കുപ്പായത്തില്‍ 150 മത്സരം കളിച്ച താരം 53 തവണ ലക്ഷ്യം കണ്ടു. 2011ല്‍ ലാസിയോയിലേക്ക് പോയ താരം അഞ്ചുവര്‍ഷത്തിന് ശേഷം ബൂട്ടഴിച്ചു.

Top