ലോക റെക്കോഡുമായി മീരാബായി ചാനു ഒളിമ്പിക്‌സിന്

താഷ്‌കെന്റ്: ലോക റെക്കോഡുമായി ഭാരോദ്വഹന വേദിയില്‍ മുന്‍ ലോകചാമ്പ്യന്‍ മീരാബായി ചാനുവിന്റെ ഉജ്ജ്വല തിരിച്ചുവരവ്. ഏഷ്യന്‍ ഭാരോദ്വഹന ചാമ്പ്യന്‍ഷപ്പില്‍ പുറംവേദന ഭീഷണിയാവുമോ എന്ന് ഭയന്നിരുന്ന ചാനു ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ 119 കിലോ ഭാരം ഉയര്‍ത്തിയാണ് പുതിയ ലോക റെക്കോഡ് സൃഷ്ടിച്ചത്.

118 കിലോയായിരുന്നു പഴയ റെക്കോഡ്. സ്‌നാച്ചില്‍ 89 കിലോയടക്കം മൊത്തം 205 കിലോഗ്രാം ഭാരം ഉയര്‍ത്തിയ ചാനുവിന് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ചാനു കരിയറില്‍ ഉയര്‍ത്തുന്ന ഏറ്റവും കൂടിയ കമ്പൈന്‍ഡ് ഭാരമാണിത്.

സനാച്ചില്‍ 96 ഉം ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ 117 ഉം അടക്കം മൊത്തം 213 കിലോഗ്രാം ഭാരം ഉയര്‍ത്തിയ ചൈനയുടെ ഹൗ ഷിഹുയിക്കാണ് ഈയിനത്തില്‍ സ്വര്‍ണം. സ്‌നാച്ചിലെ ഭാരം പുതിയ ലോക റെക്കോഡാണ്. 207 കിലോഗ്രാം ഭാരം ഉയര്‍ത്തിയ ചൈനയുടെ തന്നെ ജിയാങ് ഹ്യുഹുവായ്ക്കാണ് വെള്ളി. മൂവരും ടോക്യോ ഒളിമ്പിക്‌സിന് യോഗ്യത നേടി.

എന്നാല്‍, ചൈനയ്ക്ക് ഒളിമ്പികസില്‍ ഒരാളെ മാത്രമേ ഈയിനത്തില്‍ മത്സരിപ്പിക്കാന്‍ കഴിയൂ. 200 കിലോയില്‍ കൂടുതല്‍ ഭാരം ഉയര്‍ത്തിയ മറ്റൊരു താരമായ റി സോങ് ഗും ഒളിമ്പിക്‌സിനുണ്ടാവില്ല. ഉത്തര കൊറിയ ഒളിമ്പിക്‌സില്‍ നിന്ന് പിന്‍മാറിയതാണ് കാരണം. അതുകൊണ്ട് തന്നെ ഈ പ്രകടനം ആവര്‍ത്തിക്കാനായാല്‍ ചാനുവിന് ഒളിമ്പിക് മെഡല്‍ കൈയെത്തും ദൂരത്താണ്.

സ്‌നാച്ചിലെ ആദ്യ രണ്ട് അവസരങ്ങളിലും 85 കിലോഗ്രാം ഭാരം ഉയര്‍ത്തുന്നതില്‍ പരാജയപ്പെട്ട ചാനു മൂന്നാം ശ്രമത്തിലാണ് 86 കിലോ ഉയര്‍ത്തി വിജയിച്ചത്. ചാനുവിന്റെ പ്രകടനത്തെ കേന്ദ്ര കായിമന്ത്രി കിരണ്‍ റിജിജു, മണിപ്പുര്‍ മുഖ്യമന്ത്രി ബിരെന്‍ സിങ് എന്നിവര്‍ അഭിനന്ദിച്ചു.

 

Top