ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്; സര്‍ക്കാര്‍ നിലപാട് ശരിയെന്ന് പാലൊളി മുഹമ്മദ് കുട്ടി

പാലക്കാട്: സംസ്ഥാനത്തെ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പില്‍ 80:20 അനുപാതത്തില്‍ തെറ്റില്ലെന്ന് പാലൊളി മുഹമ്മദ് കുട്ടി. ഇക്കാര്യം കോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ സര്‍ക്കാരിന് പിശക് പറ്റിയോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോടതി പ്രശ്‌നം കണ്ടത് ശരിയായ രീതിയില്‍ അല്ലെന്നും മറിച്ച് വീതം വെപ്പ് എന്ന തരത്തിലാണെന്നുമാണ് പാലോളി പറയുന്നത്.

പാലോളി കമ്മിറ്റിയില്‍ എല്ലാ വിഭാഗത്തിലും പെട്ട ആളുകളുണ്ടായിരുന്നു. എല്ലാ ജില്ലകളിലും നേരത്തെ അറിയിച്ച് സന്ദര്‍ശനം നടത്തി ആളുകളെ കേട്ടു. പിന്നാക്കാവസ്ഥയ്ക്ക് പ്രധാന കാരണങ്ങളിലൊന്ന് വിദ്യാഭ്യാസത്തിലെ പോരായ്മയാണെന്ന് കണ്ടു, ഉദ്യോഗങ്ങളില്‍ മുസ്ലീം സ്ത്രീ പിന്നാക്കാവസ്ഥ എന്നു കണ്ടു. കേരളത്തിലെ സര്‍ക്കാര്‍ ഒരു പ്രത്യേക സമുദായത്തിന് മാത്രം സര്‍ക്കാരലല്ലോ, അത് കൊണ്ട് കൂടിയാണ് മറ്റ് പിന്നാക്കക്കാര്‍ക്ക് കൂടി ആനുകൂല്യം നല്‍കാന്‍ ശുപാര്‍ശ ചെയ്തത്. – പാലോളി പറയുന്നു.

യുഡിഎഫ് സര്‍ക്കാരാണ് ശുപാര്‍ശ നടപ്പാക്കാന്‍ ഉത്തരവിറക്കിയതെന്ന് പറഞ്ഞ പാലോളി 20 ശതമാനം മറ്റുള്ളവര്‍ക്ക് കൊടുത്തു എന്നതാണ് ചിലര്‍ അപരാധമായി കാണുന്നതെന്ന് കുറ്റപ്പെടുത്തി. സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ശരിയായിരുന്നുവെന്നും അഥവാ തെറ്റായിരുന്നുവെങ്കില്‍ എന്ത് കൊണ്ട് യുഡിഎഫ് അത് തിരുത്തിയില്ലെന്നുമാണ് പാലോളി ചോദിക്കുന്നത്.

മുസ്ലീംങ്ങള്‍ക്ക് കിട്ടുന്ന ആനുകൂല്യം കുറയില്ലെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയെന്നും സര്‍ക്കാര്‍ നിലപാട് ശരിയെന്ന് ആദ്യം പറഞ്ഞ പ്രതിപക്ഷ നേതാവ് പിന്നീടാണ് ഇത് തിരുത്തിയതെന്നും പാലോളി ഓര്‍മ്മിപ്പിച്ചു. സച്ചാര്‍ കമ്മറ്റി, പാലോളി കമ്മറ്റി റിപ്പോര്‍ട്ട് അപ്രസക്തമായി എന്ന് പറയുന്നത് പൊളളത്തരമാണ്. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണം. പരിവര്‍ത്ത വിഭാഗം ദുസ്ഥിതിയിലുള്ളവരാണന്ന് പറഞ്ഞ പാലോളി ലീഗ് പറയാന്‍ നിര്‍ബന്ധിച്ചാല്‍ കോണ്‍ഗ്രസ് മാറ്റിപ്പറയുമെന്നും കുറ്റപ്പെടുത്തി.

 

Top