ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്; സര്‍ക്കാരിനെതിരെ നിലപാട് കടുപ്പിച്ച് മുസ്ലീം സംഘടനകള്‍

കോഴിക്കോട്: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ സര്‍ക്കാരിനെതിരെ നിലപാട് കടുപ്പിച്ച് മുസ്ലീം സംഘടനകള്‍. മുസ്ലീം ലീഗിന്റെ നേതൃത്വത്തില്‍, എപി സുന്നി വിഭാഗം ഒഴികെയുളള 13 സംഘടനകള്‍ ചേര്‍ന്ന് സച്ചാര്‍ സംരക്ഷണ സമിതി രൂപീകരിച്ചു. സംവരണത്തിലെ സര്‍ക്കാര്‍ നിലപാടിനെതിരെ അടുത്ത മാസം മൂന്നിന് സെക്രട്ടേറിയേറ്റ് ധര്‍ണനടത്തുമെന്ന് സമിതി അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു

സ്‌കോളര്‍ഷിപ്പ് പ്രശ്‌നത്തില്‍ സര്‍ക്കാര്‍ നിലപാടിനെതിരെ തുറന്ന പോരിലേക്കാണ് മുസ്ലീം സംഘടനകള്‍ കടക്കുന്നത്. മുസ്ലീംലീഗ്, സമസ്ത, എംഇഎസ്, ജമാ അത്തെ ഇസ്ലാമി തുടങ്ങി 13 സംഘടനകളാണ് കോഴിക്കോട്ട് യോഗം ചേര്‍ന്നത്. കാന്തപുരം വിഭാഗത്തെ ക്ഷണിച്ചിരുന്നെങ്കിലും അവര്‍ വിട്ടുനിന്നു.

മുസ്ലീങ്ങള്‍ക്കായി രൂപീകരിച്ച സമിതിയുടെ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ വെളളം ചേര്‍ത്തു. സ്‌കോളര്‍ഷിപ്പിന് മാത്രമായുളള പ്രശ്‌നമല്ല. സര്‍ക്കാരിന് ഒരു ഉത്തരവിലൂടെ പരിഹാരം കണ്ടെത്താം. പ്രശ്‌ന പരിഹാരം ഉണ്ടായില്ലെങ്കില്‍ നിയമപരമായി നീങ്ങുമെന്നും മുസ്ലീം സംഘടനകള്‍ അറിയിച്ചു. സമസ്തയുടെ നേതൃത്വത്തില്‍ ബുധനാഴ്ച യോഗം ചേര്‍ന്ന് സര്‍ക്കാരിന് അവകാശ പത്രിക സമര്‍പ്പിക്കും.

 

Top