ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്: സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു

ന്യൂഡല്‍ഹി : ന്യൂനപക്ഷ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് ജനസംഖ്യാനുപാതികമായി വിതരണം ചെയ്യണമെന്ന കേരളാ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണ് സര്‍ക്കാര്‍ പ്രത്യേകാനുമതി ഹര്‍ജി ഫയല്‍ചെയ്തത്.

ഏതെങ്കിലും സമുദായത്തിന് സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്നത് വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥ പരിഗണിച്ചാണെന്ന വസ്തുത ഹൈക്കോടതി പരിഗണിച്ചില്ലെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ജസ്റ്റിസ് സച്ചാര്‍കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനം ചുമതലപ്പെടുത്തിയ കമ്മിറ്റിയുടെ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് മുസ്ലിം വിദ്യാര്‍ഥിനികള്‍ക്ക് സ്‌കോളര്‍ഷിപ് തുടങ്ങിയത്.

സാമൂഹ്യപരമായും വിദ്യാഭ്യാസപരമായും പിന്നോക്കമായ വിഭാഗക്കാരുടെ ഉന്നമനത്തിന് പ്രത്യേക നടപടി സ്വീകരിക്കാന്‍ ഭരണഘടനയുടെ 15 (4) വകുപ്പ് പ്രകാരം സര്‍ക്കാരിന് അവകാശമുണ്ട്. ജനസംഖ്യാനുപാതം മാത്രം കണക്കിലെടുത്ത് സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യണമെന്ന ഹൈക്കോടതി നിര്‍ദേശം അശാസ്ത്രീയമാണെന്നും സര്‍ക്കാര്‍ വാദിച്ചു.

ക്രിസ്ത്യന്‍ വിഭാഗത്തിന്റെ വിദ്യാഭ്യാസപ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഹൈക്കോടതി റിട്ട. ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. റിപ്പോര്‍ട്ട് അന്തിമമായി അംഗീകരിക്കേണ്ടതുണ്ട്. അതിന് മുമ്പ് ജനസംഖ്യാനുപാതത്തില്‍ സ്‌കോളര്‍ഷിപ് വിതരണം ചെയ്യണമെന്ന നിര്‍ദേശം പദ്ധതിയുടെ ലക്ഷ്യം തെറ്റിക്കും. ലത്തീന്‍ കത്തോലിക്കര്‍, പരിവര്‍ത്തിത ക്രൈസ്തവര്‍ തുടങ്ങിയ ന്യൂനപക്ഷവിഭാഗങ്ങള്‍ക്ക് സ്‌കോളര്‍ഷിപ് ആനുകൂല്യം അനുവദിച്ചിട്ടുണ്ട്. ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നും ഉചിതമായ തുടര്‍നടപടി സ്വീകരിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

 

Top