ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്; വിഷയത്തെ ലീഗ് തിരിച്ചുവിടാന്‍ ശ്രമിക്കുന്നുവെന്ന് എ വിജയരാഘവന്‍

ആലപ്പുഴ: സംസ്ഥാനത്തെ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ വിശദീകരണവുമായി സി.പി.എം. ജനസംഖ്യാടിസ്ഥാനത്തില്‍ സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യാനുള്ള തീരുമാനം സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ച് ആശയവിനിമയം നടത്തി എടുത്തതാണെന്ന് സി.പി.എം. സംസ്ഥാന ആക്ടിങ് സെക്രട്ടറി എ. വിജയരാഘവന്‍ പറഞ്ഞു.

യു.ഡി.എഫിനകത്ത് മുസ്ലിം ലീഗാണ് വ്യത്യസ്തമായ നിലപാട് സ്വീകരിച്ചു കാണുന്നത്. വിഷയത്തെ മറ്റൊരു തരത്തില്‍ തിരിച്ചുവിടാന്‍ ശ്രമിക്കുന്നുണ്ടോ എന്ന് സംശയിക്കാനിട നല്‍കുന്ന ചില പ്രസ്താവനകളാണ് കണ്ടിട്ടുള്ളത്. സര്‍ക്കാര്‍ എടുത്ത ശരിയായ തീരുമാനത്തിന് പിന്തുണ നല്‍കലാണ് നാം ഇപ്പോള്‍ ചെയ്യേണ്ടത്. ഒരാളുടെ ആനുകൂല്യവും നഷ്ടപ്പെടുന്നില്ല.

എത്ര സ്‌കോളര്‍ഷിപ്പുകളാണോ കൊടുത്തുവരുന്നത് ആ സ്‌കോളര്‍ഷിപ്പ് കൊടുക്കുകയാണ്. പുതുതായി കൊടുക്കേണ്ടി വരുന്നതിനാണ,് സര്‍ക്കാര്‍ പുതുതായി വിഭവം കണ്ടെത്തി അത് കൊടുക്കാന്‍ സന്നദ്ധമാകുന്നത്. കിട്ടിക്കൊണ്ടിരിക്കുന്ന ആനുകൂല്യം ആര്‍ക്കും നഷ്ടപ്പെടുന്നില്ല എന്ന കാര്യം വ്യക്തമാണ്- വിജയരാഘവന്‍ പറഞ്ഞു.

കേരള ഹൈക്കോടതി ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് സംബന്ധിച്ച് ചില മാറ്റങ്ങള്‍ വേണമെന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്. കോടതിവിധിയെ തുടര്‍ന്ന് നിലവിലുള്ളതില്‍ മാറ്റം വരുത്തേണ്ടതുണ്ട്. എന്നാല്‍ സര്‍ക്കാര്‍ എല്ലാവരുമായി ആശയവിനിമയം നടത്തി ഇക്കാര്യത്തില്‍ തീരുമാനം എടുത്തതാണ്.

എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഈ പുതിയ പരിസ്ഥിതിയില്‍ കേരളത്തിലെ വിവിധ ജനവിഭാഗങ്ങള്‍ തമ്മിലുള്ള ഐക്യത്തിന് തടസ്സമുണ്ടാവാത്ത രൂപത്തില്‍ തെറ്റായ പ്രചരണങ്ങള്‍ക്ക് അവസരം നല്‍കാതെ വിഷയം പരിഹരിക്കാനാണ് പൊതുനിര്‍ദേശം എന്ന നിലയില്‍ ആശയവിനിമയം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

 

Top