ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്; 80:20 റദ്ദാക്കിയ വിധിക്കെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി

ദില്ലി: ന്യൂനപക്ഷ വിദ്യാര്‍ത്ഥി സ്‌കോളര്‍ഷിപ്പ് 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി. സ്‌കോളര്‍ഷിപ്പ് അനുപാതം റദ്ദാക്കിയത് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയായെന്നാണ് പ്രധാന വാദം. മൈനോററ്റി ഇന്ത്യന്‍സ് പ്ലാനിംഗ് ആന്‍ഡ് വിജിലന്‍സ് കമ്മിഷന്‍ ട്രസ്റ്റാണ് ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചത്.

സച്ചാര്‍ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മുസ്ലീം സംഘടനാ നേതാക്കള്‍ ഇന്ന് സെക്രട്ടേറിയറ്റിന് മുന്നില്‍ ധര്‍ണ നടത്തും. കേരളത്തിലെ 16 മുസ്ലീം സംഘടനകള്‍ ഉള്‍കൊള്ളുന്ന സച്ചാര്‍ സംരക്ഷണ സമിതിയുടെ ചെയര്‍മാന്‍ സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലാണ് ധര്‍ണ. പിന്നാക്ക വിഭാഗത്തിലെ വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന തീരുമാനം റദ്ദാക്കണമെന്നാണ് പ്രധാന ആവശ്യം.

80:20 അനുപാതം റദ്ദാക്കിയ ഹൈക്കടോതി വിധിക്കെതിരെ അപ്പീല്‍ നല്‍കുകയോ, നിയമനിര്‍മ്മാണം നടത്തുകയോ വേണമെന്നാണ് മുസ്ലീം സംഘടകള്‍ ആവശ്യപ്പെടുന്നത്. സച്ചാര്‍ ശുപാര്‍ശകള്‍ പ്രത്യേക സെല്‍ രൂപീകരിച്ച് നടപ്പിലാക്കുക, മുന്നാക്ക, പിന്നാക്ക സ്‌കോളര്‍ഷിപ്പ് തുക ഏകീകരിക്കുക തുടങ്ങിയവയാണ് മറ്റാവശ്യങ്ങള്‍. ധര്‍ണയ്ക്ക് ശേഷം സംഘടനാ പ്രതിനിധികള്‍ മുഖ്യമന്ത്രിയെ കാണും.

 

Top