ന്യൂനപക്ഷ അവകാശങ്ങള്‍, മതസ്വാതന്ത്ര്യം; ജനാധിപത്യ സമൂഹത്തിന്റെ നെടുംതൂണുകള്‍: യുഎസ്

ന്യൂനപക്ഷ അവകാശങ്ങളും, മത സ്വാതന്ത്ര്യവും ജനാധിപത്യത്തില്‍ സുപ്രധാനമാണെന്ന് ഇന്ത്യയുടെ പൗരത്വ ബില്‍, ദേശീയ പൗരത്വ രജിസ്റ്റര്‍ വിഷയങ്ങളില്‍ പ്രതികരിച്ച് മുതിര്‍ന്ന യുഎസ് ഉദ്യോഗസ്ഥന്‍. വിദേശകാര്യ നയങ്ങളുടെ ഉത്തരവാദിത്വമുള്ള യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥനാണ് ഈ പരാമര്‍ശങ്ങള്‍ നടത്തിയതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

‘ഇന്ത്യയുടെ ജനാധിപത്യ സ്ഥാപനങ്ങളെയും, രീതികളെയും യുഎസ് ബഹുമാനിക്കുന്നു. ന്യൂനപക്ഷ അവകാശങ്ങളും, മത സ്വാതന്ത്ര്യം, മനുഷ്യാവകാശങ്ങള്‍ എന്നിവ ജനാധിപത്യ സമൂഹങ്ങളുടെ സുപ്രധാന തൂണുകളാണ്, ഇതേക്കുറിച്ച് ന്യൂഡല്‍ഹിയുമായി സംസാരിക്കും’,ഉദ്യോഗസ്ഥന്‍ എഎന്‍ഐയോട് പറഞ്ഞു.

പൗരത്വ നിയമത്തിന് എതിരായ പ്രതിഷേധങ്ങള്‍ രാജ്യത്ത് വ്യാപകമാകുന്ന സാഹചര്യത്തില്‍ ഇന്ത്യയിലേക്കുള്ള യാത്രകളില്‍ യുഎസ് ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അനധികൃത കുടിയേറ്റക്കാരായ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് പൗരത്വം നല്‍കാനുള്ള നിയമം മുസ്ലീം വിരുദ്ധമാണെന്ന് ആരോപിച്ചാണ് പ്രതിഷേധങ്ങള്‍. ഇതിന് പുറമെ ദേശീയ തലത്തില്‍ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കാന്‍ ഒരുങ്ങുന്നതും പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കുകയാണ്.

അക്രമസംഭവങ്ങളില്‍ ഇതുവരെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.

Top