Minor reshuffle in police set up in Kerala

തിരുവനന്തപുരം: സംസ്ഥാന പോലീസില്‍ ക്രമസമാധാന ചുമതല കഴിഞ്ഞാല്‍ രണ്ടാമത്തെ തന്ത്രപ്രധാനമായ പദവിയായ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് ശങ്കര്‍ റെഡ്ഡിയെ നിയമിച്ചത് മൂന്ന് ഡിജിപിമാരെ മറികടന്ന്.

ജേക്കബ് തോമസ്, ലോക്‌നാഥ് ബെഹ്‌റ എന്നിവരെ മറികടന്നാണ് വളരെ ജൂനിയറായ എഡിജിപി ശങ്കര്‍ റെഡ്ഡിയെ സര്‍ക്കാര്‍ വിന്‍സന്‍ എം പോളിന്റെ പകരക്കാരനാക്കിയത്.

സര്‍ക്കാരിന് അനഭിമതനായ ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടറാക്കില്ലെന്ന് നേരത്തെ തന്നെ ഉറപ്പായിരുന്നുവെങ്കിലും ജയില്‍ മേധാവിയായ ലോക്‌നാഥ് ബഹ്‌റയെ പരിഗണിച്ച് സീനിയോറിറ്റിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ നീതി പുലര്‍ത്തുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നത്.

എന്‍ഐഎയുടെ ഓപ്പറേഷന്‍ വിഭാഗം തലവനായിരുന്ന ലോക്‌നാഥ് ബെഹ്‌റ ഏറെക്കാലം നീണ്ടുനിന്ന ഡെപ്യൂട്ടേഷന്‍ പൂര്‍ത്തിയാക്കിയാണ് കേരളത്തിലേക്കു മടങ്ങി വന്നിരുന്നത്.

മലയാളത്തിലെ എക്കാലത്തേയും സൂപ്പര്‍ഹിറ്റ് സിനിമയായ സുരേഷ്‌ഗോപിയുടെ ‘കമ്മീഷണറി’ലെ ഐപിഎസ് വേഷം സുരേഷ് ഗോപി അനുകരിച്ചത് ലോക്‌നാഥ് ബെഹ്‌റയെ കണ്ടാണ്.

താന്‍ കമ്മീഷണര്‍ സിനിമയില്‍ നേരത്തെ സിറ്റിപോലീസ് കമ്മീഷണറായിരുന്ന ലോക്‌നാഥ് ബെഹ്‌റയുടെയും രാജീവന്റെയും മാനറിസങ്ങളാണ് അവതരിപ്പിച്ചതെന്ന് സുരേഷ്‌ഗോപി തന്നെ പിന്നീട് പല ചടങ്ങുകളിലും പരസ്യമായി തുറന്നു പറഞ്ഞിരുന്നു.

പോലീസ് മന്ത്രിയായ രമേശ് ചെന്നിത്തല വിഎസ് ശിവകുമാര്‍, കെ ബാബു എന്നിവര്‍ക്കെതിരെ ബാര്‍കോഴ ആരോപണം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിജിലന്‍സ് ഡയറക്ടറുടെ കാര്യത്തില്‍ ‘റിസ്‌ക്ക്’ എടുക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ലെന്നതിന്റെ തെളിവാണ് പുതിയ വിജിലന്‍സ് ഡയറക്ടറുടെ നിയമനം.

സര്‍ക്കാര്‍ അവഗണിച്ച ജേക്കബ് തോമസ്, ഋഷിരാജ് സിങ്ങ്, ലോക്‌നാഥ് ബെഹ്‌റ എന്നിവര്‍ സംസ്ഥാന പോലീസിലെ സീനിയര്‍ ഓഫീസര്‍മാരാണ് എന്നത് മാത്രമല്ല മൂവരും വളരെ അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ്.

പോലീസില്‍ വിരലിലെണ്ണാവുന്നവരുമായി മാത്രം അടുപ്പം സൂക്ഷിക്കുന്ന ജേക്കബ് തോമസിന്റെ അടുത്ത സുഹൃത്തുക്കളാണ് ഋഷിരാജ്‌സിങ്ങും ബഹ്‌റയും.

ആറുമാസം മാത്രം കാലാവധി അവശേഷിക്കുന്ന സര്‍ക്കാര്‍ നിയമിച്ച വിജിലന്‍സ് ഡയറക്ടര്‍ പക്ഷപാതപരമായിട്ടാണ് പെരുമാറുന്നതെങ്കില്‍ ഭരണമാറ്റമുണ്ടായാല്‍ ഉടന്‍ തന്നെ തെറുപ്പിച്ച് പറ്റാവുന്ന ചുണക്കുട്ടന്മാരെ കൊണ്ടുവരുമെന്നാണ് സിപിഎം നേതൃത്വം പറയുന്നത്.

ബാര്‍ കോഴ കേസിലെ വിജിലന്‍സിന്റെ തുടര്‍ നടപടികള്‍ക്കായാണ് അവര്‍ കാത്തിരിക്കുന്നത്. ഡിജിപി തസ്തികയായ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് എഡിജിപിയായ ശങ്കര്‍ റെഡ്ഡിയെ നിയമിച്ചതില്‍ അതൃപ്തിയുണ്ടെങ്കിലും പുതിയ ഡയറക്ടറുടെ സമീപനമെന്താണെന്നറിഞ്ഞിട്ട് പ്രതികരിക്കാമെന്ന നിലപാടിലാണ് പ്രതിപക്ഷ നേതാവ്.

മാണിക്കെതിരെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയ വിജിലന്‍സ് ഡയറക്ടര്‍ക്ക് ഹൈക്കോടതിയില്‍ നിന്നു കിട്ടിയ പ്രഹരം ഓര്‍ത്തിട്ടുവേണം ഈ കേസില്‍ തുടരന്വേഷണം നടത്തേണ്ടതെന്നാണ് പ്രതിപക്ഷത്തിന്റെ മുന്നറിയിപ്പ്.

ഡിജിപി തസ്തികയിലുള്ള ഉദ്യോഗസ്ഥര്‍ ഉണ്ടായിട്ടും അവരെ ആരെയും പരിഗണിക്കാതെ ജൂനിയര്‍ ഉദ്യോഗസ്ഥനെ വിജിലന്‍സ് ഡയറക്ടറാക്കിയതില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കിടയിലും കടുത്ത അമര്‍ഷമുണ്ട്.

നിരവധി വര്‍ഷങ്ങളായി തന്ത്രപ്രധാന ചുമതലകളില്‍ പ്രവര്‍ത്തിക്കുന്ന ശങ്കര്‍ റെഡ്ഡിയെ നോര്‍ത്ത് സോണ്‍ എഡിജിപിയായിരിക്കെയാണ് വിജിലന്‍സ് ഡയറക്ടറായി നിയമനം നല്‍കിയത്.

വിജിലന്‍സ് ഡയറക്ടര്‍ നിയമനത്തില്‍ പരിഗണിക്കാതെ ഫയര്‍ഫോഴ്‌സിലേക്ക് സ്ഥലംമാറ്റിയതാണ് ബെഹ്‌റയെ ഇപ്പോള്‍ ചൊടിപ്പിച്ചിരിക്കുന്നത്. അവധിയില്‍ പ്രവേശിക്കാന്‍ തീരുമാനിച്ചത് സര്‍ക്കാരിനേറ്റ തിരിച്ചടിയാണ്.

Top