മിന്നൽമുരളിയിലെ ഷിബുവിന്റെ പുതിയ ചിത്രം വരുന്നു: ‘നീരജ’

ഗുരു സോമസുന്ദരം, ജിനു ജോസഫ്, ഗോവിന്ദ് പത്മസൂര്യ, ശ്രുതി രാമചന്ദ്രന്‍, ശ്രിന്ദ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളുടെ ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജില്‍ വെച്ച് നടന്നു. ‘നീരജ’ എന്ന പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാജേഷ് കെ രാമനാണ്. രാജേഷ് കെ രാമന്റേതു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും. മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ഹീറോ ചിത്രമെന്ന വിശേഷണമുള്ള ‘മിന്നല്‍ മുരളി’യോടെ ഗുരു സോമസുന്ദരം പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായിരുന്നു. ‘ഷിബു’ എന്ന ഒരു കഥാപാത്രത്തെയായിരുന്നു ഗുരു സോമസുന്ദരം അവതരിപ്പിച്ചത്. വില്ലനെങ്കിലും നായകനോളം തന്നെ ചിത്രത്തില്‍ ഷിബുവിനും പ്രധാന്യം കിട്ടിയിരുന്നു.

‘ഹൃദയം’ ഫെയിം കലേഷ് രാമാനന്ദ്, രഘുനാഥ് പലേരി, അഭിജ ശിവകല, കോട്ടയം രമേഷ്,സന്തോഷ് കീഴാറ്റൂർ, ശ്രുതി രജനീകാന്ത്, സ്‍മിനു സിജോ, സജിന്‍ ചെറുകയില്‍ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. ഉമ, രമേഷ് റെഡ്ഡി എന്നിവര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. സൂരജ് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് നിര്‍മാണം. കന്നടയിലെ പ്രമുഖ നിര്‍മ്മാതാവായ രമേഷ് റെഡ്ഡിയുടെ ഏഴാമത്തേതും മലയാളത്തിലെ ആദ്യ ചിത്രവുമാണിത്. സച്ചില്‍ ശങ്കര്‍ മന്നത്ത് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. അയൂബ് ഖാനാണ് ചിത്രസംയോജനം. രാഗേഷ് നാരായണന്‍ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. കല- മനു ജഗത്.

Top