‘മിന്നല്‍ മുരളി’യുടെ സെറ്റ് പൊളിച്ച സംഭവം; മുഖ്യസൂത്രധാരന്‍ പിടിയില്‍

ആലുവ: കാലടി മണപ്പുറത്ത് മിന്നല്‍ മുരളി ചിത്രത്തിനായി ഒരുക്കിയ ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റ് പൊളിച്ച സംഭവത്തില്‍ രാഷ്ട്രീയ ബജ്രംഗ്ദള്‍ ജില്ലാ പ്രസിഡന്റ് കാരി രതീഷ്(രതീഷ് കാലടി) അറസ്റ്റില്‍. ആലുവ റൂറല്‍ എസ്പി എം.ജെ.സോജന്റെ നേതൃത്വത്തിലുളള അന്വേഷണസംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അന്വേഷണസംഘം ചോദ്യം ചെയ്തുവരികയാണ്.
ഐ പി സി സെക്ഷന്‍ 379, 454, 427 എന്നീ വകുപ്പുകളിലാണ് കേസെടുത്തിരിക്കുന്നത്.

രതീഷിന്റെ ഗൂഢാലോചനയിലാണ് സെറ്റ് തകര്‍ത്തത് എന്നാണ് പോലീസിന്റെ കണ്ടെത്തല്‍. സംഘത്തിലെ മറ്റ് ആളുകള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

നിരവധി കേസുകളിലെ പ്രതിയാണ് രതീഷ്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് കാലടിയില്‍ സനല്‍ എന്നയാളുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ ഇയാള്‍ ജയില്‍ശിക്ഷ അനുഭവിച്ചിരുന്നു. അതിനു ശേഷമാണ് രാഷ്ട്രീയ ബജ് രംഗ് ദളിന്റെ ഭാരവാഹിയാകുന്നത്.

സെറ്റ് തകര്‍ത്തവര്‍ക്ക് എതിരെ അന്വേഷണം ആവശ്യപ്പെട്ടു നിര്‍മ്മാതാക്കള്‍ക്ക് വേണ്ടി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികകളും ഫെഫ്കയും ആലുവ റൂറല്‍ എസ് പി കെ കാര്‍ത്തിക്കിന് പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിരുന്നത്.

ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മിന്നല്‍ മുരളി. ഇതിന്റെ ക്ലൈമാക്‌സ് ചിത്രീകരിക്കാനായിരുന്നു കാലടി മണപ്പുറത്ത് കഴിഞ്ഞ മാര്‍ച്ചില്‍ ക്രിസ്ത്യന്‍ ദേവാലയത്തിന്റെ സെറ്റ് ഇട്ടത്. എന്നാല്‍ ലോക് ഡൗണ്‍ മൂലം ചിത്രീകരണം നടത്താന്‍ കഴിഞ്ഞിരുന്നില്ല.ഇതാണ് പൊളിച്ചുമാറ്റിയത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം.

Top