മിന്നല്‍ മുരളി രണ്ടാം ഭാഗം ഉടന്‍, ത്രീഡി ഒരുക്കാന്‍ പദ്ധതിയെന്ന് നിര്‍മാതാവ് സോഫിയ പോള്‍

ബേസില്‍ ജോസഫ് സംവിധാനം ചെയ്ത് ടൊവിനോ തോമസ് നായകനായ മിന്നല്‍ മുരളി എന്ന സിനിമയുടെ രണ്ടാം ഭാഗം ഉടന്‍ പ്രഖ്യാപിക്കുമെന്ന് നിര്‍മാതാവ് സോഫിയ പോള്‍. കുറേക്കൂടി വലിയ ചിത്രമായിരിക്കുമെന്നും അടുത്ത മാസം തന്നെ പ്രഖ്യാപനം ഉണ്ടാവുമെന്നും സോഫിയ പോള്‍ പറഞ്ഞു.

‘എന്താണ് മുന്നിലുള്ളതെന്ന് പറയാന്‍ ഇത് അല്പം നേരത്തെയാണ്. പക്ഷേ, ഞങ്ങള്‍ രണ്ടാം ഭാഗം പ്രഖ്യാപിക്കും. കുറച്ചുകൂടി വലിയ ചിത്രമായിരിക്കും. എന്താണ് മനസ്സിലുള്ളതെന്ന് പറയാനാവില്ല. പക്ഷേ, അത് മികച്ച ഒരു അനുഭവമായിരിക്കും. മിക്കവാറും അടുത്ത മാസം തന്നെ രണ്ടാം ഭാഗം പ്രഖ്യാപിക്കും. ഷിബു ചിത്രത്തിലുണ്ടാവുമോ എന്ന് ഇപ്പോള്‍ പറയാനാവില്ല. പക്ഷേ, ബേസില്‍ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം കാര്യങ്ങള്‍ തീരുമാനിക്കും. പറഞ്ഞതുപോലെ വലിയ കാര്യങ്ങളാണ് മനസ്സിലുള്ളത്. പ്രേക്ഷകര്‍ ഞങ്ങള്‍ക്ക് നല്‍കിയ സ്വീകരണം ഫ്രാഞ്ചൈസിയെ അടുത്ത തലത്തില്‍ എത്തിക്കാനുള്ള ലൈസന്‍സാണ്. മിന്നല്‍ മുരളി ത്രിമാന രൂപത്തില്‍ ചിത്രീകരിക്കാന്‍ ആദ്യം തീരുമാനിച്ചിരുന്നു. പിന്നീട് അത് ഉപേക്ഷിച്ചു. അടുത്ത ഭാഗം ത്രീഡി ആവാനുള്ള സാധ്യതയുണ്ട്.”- സോഫിയ പോള്‍ പറഞ്ഞു.

സൂപ്പര്‍ ഹീറോ സിനിമയായി നെറ്റ്ഫ്‌ലിക്‌സില്‍ പുറത്തിറങ്ങിയ സിനിമയ്ക്ക് വലിയ പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നത്. മിന്നലടിച്ച് ഒരു തയ്യല്‍ക്കാരന് അമാനുഷിക ശക്തി ലഭിക്കുന്നതും അതേ തുടര്‍ന്നുണ്ടാവുന്ന സംഭവ വികാസങ്ങളുമാണ് സിനിമ പറയുന്നത്.

‘ഗോദ’ എന്ന ചിത്രത്തിന് ശേഷം ടൊവിനോയെ നായകനാക്കി ബേസില്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് മിന്നല്‍ മുരളി. മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന ‘മിന്നല്‍ മുരളി’ പ്രഖ്യാപന സമയം മുതല്‍ സിനിമാപ്രേമികളുടെ സജീവ ശ്രദ്ധയിലുള്ള പ്രോജക്ട് ആണ്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം റിലീസായി. മിസ്റ്റര്‍ മുരളിയെന്നാണ് ഹിന്ദി പതിപ്പിന്റെയും പേര്. മെരുപ്പ് മുരളിയെന്ന് തെലുങ്ക് പതിപ്പിനും മിഞ്ചു മുരളിയെന്ന് കന്നഡ പതിപ്പിനും പേരിട്ടിരിക്കുന്നു.

Top