‘മിന്നല്‍ മുരളി’ കര്‍ണാടകയില്‍; രണ്ടാം ഷെഡ്യൂള്‍ ആരംഭിച്ചു

ടൊവിനോ തോമസ് നായകനായ ബിഗ് ബജറ്റ് സിനിമ മിന്നല്‍ മുരളി സെക്കന്‍ഡ് ഷെഡ്യൂള്‍ കര്‍ണാടകയില്‍ തുടങ്ങി. ടൊവിനോ തോമസ് സൂപ്പര്‍ ഹീറോ ലുക്കില്‍ ഒരു കെട്ടിടത്തിന് മുകളില്‍ നില്‍ക്കുന്ന ചിത്രം ലൊക്കേഷനില്‍ നിന്ന് പുറത്തുവന്നിട്ടുണ്ട്. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറില്‍ ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലര്‍ വന്‍ പ്രതീക്ഷ സൃഷ്ടിക്കുന്നതായിരുന്നു. മുഖം മറച്ച് ഓടുന്ന നായക കഥാപാത്രവും ഗ്രാമാന്തരീക്ഷവുമായിരുന്നു സിനിമയുടെ ആദ്യലുക്ക്. നാടന്‍ സൂപ്പര്‍ഹീറോയെ ആധാരമാക്കിയാണ് സിനിമ. വയനാട്ടിലായിരുന്നു ആദ്യ ഷെഡ്യൂള്‍ ചിത്രീകരിച്ചത്.

മലയാളം, ഹിന്ദി, തമിഴ്, തെലുഗു, കന്നഡ എന്നിങ്ങനെ അഞ്ച് ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുക. സോഫിയ പോള്‍ നിര്‍മ്മിക്കുന്ന മിന്നല്‍ മുരളിയുടെ ഛായാഗ്രഹണം സമീര്‍ താഹിറാണ്. വില്‍ സ്മിത്ത് അഭിനയിച്ച ജമിനി മാന്‍, ദി ലാസ്റ്റ് വിച്ച് ഹണ്ടര്‍, നെറ്റ്ഫ്ലിക്സ്- ലൂസിഫര്‍, ബാറ്റ്മാന്‍: ടെല്‍ ടെയില്‍ സീരീസ്, ബാഹുബലി 2, സല്‍മാന്‍ ഖാന്‍ നായകനായ സുല്‍ത്താന്‍ , എന്നിങ്ങനെ ഒട്ടനവധി സിനിമകളിലൂടെ തന്റെ പ്രാവീണ്യം തെളിയിച്ച വ്ലാഡ് റിമംബര്‍ഗാണ് മിന്നല്‍ മുരളിയുടെ ആക്ഷന്‍ ഡയറക്ടര്‍.

ബാംഗ്ലൂര്‍ ഡേയ്സ്, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നീ സിനിമകള്‍ക്ക് ശേഷം വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സ് നിര്‍മ്മിക്കുന്ന സിനിമയുമാണ് മിന്നല്‍ മുരളി. ആഷിക് അബു ചിത്രം നാരദന്റെ കൊച്ചി ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ടൊവിനോ തോമസ് ഒരു മാസത്തിലേറെ നീളുന്ന മിന്നല്‍ മുരളിയുടെ ഷൂട്ടിന് ജോയിന്‍ ചെയ്തത്. മിന്നല്‍ മുരളിയില്‍ ടോവിനോ തോമസിനൊപ്പം, ഗുരു സോമസുന്ദരം, അജു വര്‍ഗീസ്, ഫെമിന ജോര്‍ജ്, സ്നേഹ ബാബു, ഷെല്ലി നബു കുമാര്‍, പി ബാലചന്ദ്രന്‍, ബൈജു സന്തോഷ്, സുര്‍ജിത്, ഹരിശ്രീ അശോകന്‍, മാമുക്കോയ, ബിജുക്കുട്ടന്‍ എന്നിവരും ഭാഗമാകുന്നുണ്ട്.

 

Top