ഹജ്ജിന് ബുക്ക് ചെയ്തത് റദ്ദാക്കാന്‍ വേണ്ട നടപടികള്‍ ഉംറ മന്ത്രാലയം പ്രഖ്യാപിച്ചു

റിയാദ്: ഈ വര്‍ഷത്തെ ഹജ്ജിന് ബുക്ക് ചെയ്തത് റദ്ദാക്കാന്‍ സ്വീകരിക്കേണ്ട നടപടികള്‍ സൗദി ഹജ്ജ്, ഉംറ മന്ത്രാലയം പ്രഖ്യാപിച്ചു. പണമടച്ച ശേഷം ഹജ്ജ് പെര്‍മിറ്റ് ഇഷ്യു ചെയ്യുന്നതിനു മുമ്പായി ബുക്കിംഗ് റദ്ദാക്കാന്‍ ഇ-ട്രാക്കില്‍ പ്രവേശിച്ച് ആദ്യ പേജിലെ മെയിന്‍ ലിസ്റ്റില്‍ നിന്ന് ബുക്കിംഗ് റദ്ദാക്കല്‍ ഐക്കണ്‍ തെരഞ്ഞെടുക്കുകയാണ് വേണ്ടത്. തുടര്‍ന്ന് ബുക്കിംഗ് നമ്പറോ തിരിച്ചറിയല്‍ കാര്‍ഡ്, ഇഖാമ നമ്പറുകളോ നല്‍കണം. മൊബൈല്‍ ഫോണില്‍ ലഭിക്കുന്ന ഒ.ടി.പി നമ്പര്‍ നല്‍കുകയാണ് മൂന്നാമത്തെ നടപടി.

ഇതോടെ ബുക്കിംഗ് വിശദാംശങ്ങള്‍ പ്രത്യക്ഷപ്പെടും. ബുക്കിംഗ് റദ്ദാക്കല്‍ ഐക്കണ്‍ വഴി ബുക്കിംഗ് പൂര്‍ണമായോ കൂട്ടത്തില്‍പെട്ട ഒരാളെ മാത്രമായോ റദ്ദാക്കാന്‍ സാധിക്കും. പണമടച്ച് ഹജ്ജ് പെര്‍മിറ്റ് ഇഷ്യു ചെയ്ത ശേഷം ബുക്കിംഗ് റദ്ദാക്കാന്‍ അഞ്ചു നടപടികള്‍ പൂര്‍ത്തിയാക്കണം. ഇ-ട്രാക്കില്‍ പ്രവേശിച്ച് ഖിദ്മാത്തീ ഐക്കണില്‍ നിന്ന് അബ്ശിര്‍ പ്ലാറ്റ്ഫോമിലൂടെയുള്ള പെര്‍മിറ്റ് റദ്ദാക്കല്‍ സേവനം തെരഞ്ഞെടുക്കുകയാണ് ആദ്യം വേണ്ടത്.

ഇതോടെ ആദ്യ പേജിലെ മെയിന്‍ ലിസ്റ്റില്‍ ബുക്കിംഗ് റദ്ദാക്കല്‍ ഐക്കണ്‍ കാണാന്‍ കഴിയും. ശേഷം ബുക്കിംഗ് നമ്പറോ തിരിച്ചറിയല്‍ കാര്‍ഡ്, ഇഖാമ നമ്പറുകളോ നല്‍കണം. ഇതോടെ മൊബൈല്‍ ഫോണില്‍ ഒ.ടി.പി നമ്പര്‍ ലഭിക്കും. ഈ നമ്പര്‍ നല്‍കുന്നതോടെ ബുക്കിംഗ് വിശദാംശങ്ങള്‍ പ്രത്യക്ഷപ്പെടുകയും ബുക്കിംഗ് റദ്ദാക്കല്‍ ഐക്കണ്‍ വഴി ബുക്കിംഗ് പൂര്‍ണമായോ കൂട്ടത്തില്‍പെട്ട ഒരാളെ മാത്രമായോ റദ്ദാക്കാന്‍ സാധിക്കുമെന്നും ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.

 

 

Top