മമതയ്ക്കൊപ്പം ധര്‍ണ: അഞ്ച് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് സാധ്യത

ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി കേന്ദ്രസര്‍ക്കാരിനെതിരെ സംഘടിപ്പിച്ച ധര്‍ണയില്‍ പങ്കെടുത്ത അഞ്ച് സീനിയര്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടിയെടുക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കേന്ദ്ര സര്‍വ്വീസില്‍ നിന്ന് ഒരു നിശ്ചിത സമയത്തേക്ക് ഈ ഉദ്യോഗസ്ഥരെ ഒഴിവാക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഒരുങ്ങുന്നത്. ഇവരുടെ സര്‍വ്വീസ് മെഡലുകള്‍ തിരിച്ചു വാങ്ങാനും ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചുവെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ബംഗാള്‍ സര്‍ക്കാരിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയെന്നും റിപ്പോര്‍ട്ടുണ്ട്.

കേന്ദ്ര സര്‍ക്കാരിനെതിരായ ധര്‍ണയില്‍ മമതയോടൊപ്പം പങ്കെടുത്ത ബംഗാള്‍ ഡിജിപി. വീരേന്ദ്ര, എഡിജിപി വിനീത് കുമാര്‍ ഗോയല്‍, അഡീഷണല്‍ ജനറല്‍ ഓഫ് പൊലീസ് അനൂജ് ശര്‍മ്മ, കമ്മിഷണര്‍ ഗ്യാന്‍വാന്ദ് സിങ്, എസിപി സുപ്രദീം ധര്‍ക്കാര്‍ എന്നിവര്‍ക്കെതിരെയാണ് നടപടിക്ക് ആഭ്യന്തര മന്ത്രാലയം മുതിരുന്നത്. സര്‍വ്വീസ് ചട്ടങ്ങള്‍ ലംഘിച്ച് ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ സമരത്തില്‍ പങ്കെടുത്തതിനാണ് നടപടി. ശാരദ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത കമ്മീഷണര്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്യാന്‍ സിബിഐ എത്തിയതോടെയാണ് മുഖ്യമന്ത്രി മമതാ ബാനര്‍ജി കടുത്ത പ്രതിരോധം തീര്‍ത്തത്.

കേന്ദ്രസര്‍ക്കാര്‍ വിരോധം തീര്‍ക്കാന്‍ സിബിഐയെ ഉപയോഗിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ധര്‍ണ .ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ സിബിഐയെ ഉപയോഗിച്ച് മമതാ സര്‍ക്കാരിനെ ഒതുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് പറഞ്ഞ് വലിയ പ്രതിരോധമാണ് മമതാ ബാനര്‍ജി തീര്‍ത്തത്.

Top