പാര്‍ലമെന്റ് സുരക്ഷാ വീഴ്ച; ഡല്‍ഹി പൊലീസില്‍ നിന്ന് വിശദീകരണം തേടി ആഭ്യന്തരമന്ത്രാലയം

ഡല്‍ഹി: ലോക്‌സഭയിലെ സുരക്ഷ വീഴ്ചയില്‍ ഡല്‍ഹി പൊലീസില്‍ നിന്ന് വിശദീകരണം തേടി ആഭ്യന്തരമന്ത്രാലയം. പാര്‍ലമെന്റിനകത്ത് രണ്ടു പേര്‍ അതിക്രമിച്ച് കയറിയതിനെ തുടര്‍ന്നാണ് ആഭ്യന്തരമന്ത്രാലയം വിശദീകരണം തേടിയത്. അക്രമത്തിന്റെ പശ്ചാത്തലത്തില്‍ ലോക്‌സഭയില്‍ ഫോറന്‍സിക് സംഘം പരിശോധന നടത്തുകയാണ്. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കുകയാണ്.

സന്ദര്‍ശക ഗാലറിയില്‍ നിന്നാണ് രണ്ടു പേര്‍ നടുത്തളത്തിലേക്ക് ചാടിയത്. എംപിമാരുടെ സീറ്റിന് മുകളിലൂടെ ഓടിയ സാഗര്‍ ശര്‍മ എന്നയാളാണ് കളര്‍ സ്‌പ്രേ ഉപയോഗിച്ചത്. സംഭവത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ നാലു പേരാണ് കസ്റ്റഡിയിലായത്. രണ്ടു പേര്‍ പുറത്താണ് പ്രതിഷേധം നടത്തിയത്. പാര്‍ലമെന്റിനകത്ത് അക്രമം നടത്തിയ സാഗര്‍ ശര്‍മ മൈസൂരില്‍ നിന്നുള്ള ബിജെപി എംപിയായ പ്രതാപ് സിംഹയുടെ പാസാണ് ഉപയോഗിച്ചത്.

പാര്‍ലമെന്റ് ആക്രമണത്തിന്റെ 22-ാം വാര്‍ഷികദിനത്തിലാണ് വന്‍ സുരക്ഷാവീഴ്ച സംഭവിച്ചത്. നീലം, അമോര്‍ ഷിന്‍ഡെ എന്നിവര്‍ പാര്‍ലമെന്റിന് പുറത്ത് നിന്നും പിടിയിലായിട്ടുണ്ട്. ഡല്‍ഹി പൊലീസിന്റെ എടിഎസ് സംഘം പാര്‍ലമെന്റില്‍ എത്തി. ഷൂവിനുള്ളിലാണ് സ്മോക്ക് സ്പ്രേ ഒളിപ്പിച്ചിരുന്നത്.

Top