രാജ്യത്ത് കോവിഡിന്റെ പുതിയ വകഭേദം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വകഭേദം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇതു സംബന്ധിച്ച് ജനങ്ങള്‍ക്ക് ആശങ്ക വേണ്ടെന്നും ജാഗ്രത തുടര്‍ന്നാല്‍ മതിയെന്നും ആരോഗ്യമന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ബ്രിട്ടനില്‍ പുതിയതായി കണ്ടെത്തിയ കൊവിഡ് വകഭേദം രോഗത്തിന്റെ തീവ്രത വര്‍ധിപ്പിക്കുന്നതല്ല. എന്നാല്‍ വ്യാപനശേഷി കൂടുതലുള്ളതാണ്. രാജ്യത്ത് കഴിഞ്ഞ 5 മാസമായി ചികിത്സയിലുള്ള രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തില്‍ താഴെയാണ്. രോഗമുക്തി നിരക്ക് 95 ശതമാനത്തിന് മുകളിലാണ്. കഴിഞ്ഞ ഏഴ് ആഴ്ചയായി ദിവസേനയുള്ള കൊവിഡ് കേസുകളുടെ നിരക്കില്‍ കുറവുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കേരളം അടക്കമുള്ള 6 സംസ്ഥാനങ്ങളിലാണ് ആകെ കേസുകളുടെ 57 ശതമാനവും റിപ്പോര്‍ട്ട് ചെയ്തത്. ഈ സമയത്തിനുള്ളില്‍ കൊവിഡ് മരണത്തിലെ 61 ശതമാനവും കേരളമടക്കമുള്ള 6 സംസ്ഥാനങ്ങളിലാണ് റിപ്പോര്‍ട്ട് ചെയ്തതെന്നും ആരോഗ്യമന്ത്രാലയ വക്താക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Top