എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സ്നേഹ സാന്ത്വനം; 9.3 കോടി അനുവദിച്ചു

kk-shailajaaaa

തിരുവനന്തപുരം: കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി കേരള സാമൂഹ്യ സുരക്ഷ മിഷന്‍ മുഖേന നടപ്പിലാക്കുന്ന സമഗ്ര സമാശ്വാസ പദ്ധതിയായ സ്നേഹ-സാന്ത്വനം പദ്ധതിയ്ക്കായി ബജറ്റ് വിഹിതം അനുവദിച്ചതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. 9.3 കോടി രൂപയാണ് അനുവദിച്ചത്.

2019 ഒക്ടോബര്‍ മുതല്‍ 2020 മാര്‍ച്ച് വരെയുള്ള സ്നേഹ-സാന്ത്വനം പദ്ധതി പ്രകാരം എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായുള്ള പ്രതിമാസ ധനസഹായത്തിന് 4.7 കോടി രൂപ, എന്‍ഡോസള്‍ഫാന്‍ കുടുംബങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസ ധനസഹായമായി 18.79 ലക്ഷം, 2019 ഒക്ടോബര്‍ മുതല്‍ 2020 മാര്‍ച്ച് വരെയുള്ള സ്പെഷ്യല്‍ ആശ്വാസകിരണം പദ്ധതിയ്ക്കായി 33.68 ലക്ഷം, 2019 ജൂലൈ മുതല്‍ 2020 മാര്‍ച്ച് വരെയുള്ള പുതിയ ഗുണഭോക്താക്കള്‍ക്കായുള്ള സ്നേഹസാന്ത്വനം പദ്ധതിയ്ക്കായി 89.98 ലക്ഷം, 2019 ജൂലൈ മുതല്‍ 2020 മാര്‍ച്ച് വരെയുള്ള പുതിയ ഗുണഭോക്താക്കള്‍ക്കായുള്ള സ്പെഷ്യല്‍ ആശ്വാസ കിരണം പദ്ധതിയ്ക്ക് 6.3 ലക്ഷം, പെരിയ മഹാത്മ മോഡല്‍ സ്‌കൂളും മറ്റ് 9 ബഡ് സ്‌കൂളുകളും അപ്ഗ്രേഡ് ചെയ്യുന്നതിന് 17 ലക്ഷം, മറ്റ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയ്ക്കാണ് തുക അനുവദിച്ചത്. ഈ പദ്ധതികള്‍ക്കായി ഈ വര്‍ഷം 10 കോടി രൂപ നേരത്തെ അനുവദിച്ചിരുന്നു.

കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് പ്രതിമാസം പെന്‍ഷന്‍ നല്‍കുന്ന പദ്ധതിയാണ് സ്നേഹ സാന്ത്വനം. ദീര്‍ഘകാല ചികിത്സ ആവശ്യമുളളതും രോഗാവസ്ഥയിലുള്ളവരും തൊഴിലെടുക്കാനാകാതെ വീട്ടില്‍ കഴിയുന്നവരുമായവരില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും വികലാംഗ പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്ക് 1,700 രൂപയും പെന്‍ഷന്‍ ലഭിക്കാത്തവര്‍ക്ക് 2,200 രൂപയും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ മറ്റ് രോഗികള്‍ക്ക് 1,200 രൂപ വീതവും പ്രതിമാസ ധനസഹായം നല്‍കി വരുന്നതാണ് പദ്ധതി. സ്നേഹ സാന്ത്വനം പദ്ധതിയിലൂടെ പ്രതിമാസം 65 ലക്ഷത്തോളം രൂപയാണ് സുരക്ഷാ മിഷനിലൂടെ നല്‍കുന്നത്.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത കുടുംബങ്ങളിലെ ഒന്നു മുതല്‍ പ്ലസ് ടു വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി വിദ്യാഭ്യാസ ധനസഹായവും അനുവദിച്ചു വരുന്നു. ബഡ്സ് സ്‌കൂളില്‍ പഠിക്കുന്നവര്‍ക്ക് 2,000 രൂപയും ഒന്നു മുതല്‍ 7 വരെ ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് 2,000 രൂപയും 8 മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് 3,000 രൂപയും പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് 4,000 രൂപയും വീതമാണ് വിദ്യാഭ്യാസ ധനസഹായം അനുവദിക്കുന്നത്.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായി കിടപ്പിലായവരെയും കടുത്ത ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നതിനാല്‍ ഒരു മുഴുവന്‍ സമയ പരിചാരകന്റെ സേവനം ആവശ്യമുള്ളവരെയും പരിചരിക്കുന്നവര്‍ക്കായാണ് സ്പെഷ്യല്‍ ആശ്വാസകിരണം പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുള്ളത്. ഈ പദ്ധതി പ്രകാരം 700 രൂപ നിരക്കിലാണ് പ്രതിമാസ ധനസഹായം അനുവദിച്ചു വരുന്നത്.

എന്‍ഡോസള്‍ഫാന്‍ ബാധിത പ്രദേശങ്ങളിലെ ദുരിതമനുഭവിക്കുന്ന കുട്ടികളുടെ പഠനം ത്വരിതപ്പെടുത്തുന്നതിന് വേണ്ടിയാണ് ബഡ്സ് സ്‌കൂള്‍ ആരംഭിച്ചത്. പെരിയ മഹാത്മ മോഡല്‍ സ്‌കൂളും മറ്റ് 9 ബഡ് സ്‌കൂളുകളും അപ്ഗ്രേഡ് ചെയ്ത് മാതൃകാ ശിശുവികസന കേന്ദ്രമാക്കുന്നതാണ്.

Top