ഗാസയിൽ കുടുങ്ങിയ നാല് ഇന്ത്യക്കാരെ ഇപ്പോൾ ഒഴിപ്പിക്കാനാകില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി : ഗാസയിൽ കുടുങ്ങിയ നാല് ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ ഇപ്പോൾ ബുദ്ധിമുട്ടാണെന്ന് വിദേശകാര്യ മന്ത്രാലയം. സാഹചര്യം അനുകൂലമായാൽ ഉടൻ തന്നെ അവരെ തിരിച്ചുകൊണ്ടുവരാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു. ഗാസയിലെ സ്ഥിതിഗതികൾ കാരണം ഒഴിപ്പിക്കൽ വളരെ ബുദ്ധിമുട്ടാണെന്നും എന്നാൽ അവസരം കിട്ടിയാൽ ഉടൻ തന്നെ അവരെ പുറത്തെത്തിക്കുമെന്നും വിദേശ കാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.

‘‘കുടുങ്ങിയവരിൽ ഒരാൾ വെസറ്റ് ബാങ്കിലാണുള്ളത്. ഗാസയിൽ ഇന്ത്യക്കാർ ആരെങ്കിലും കൊല്ലപ്പെട്ടതായി ഇതുവരെ റിപ്പോർട്ട് ഇല്ല. ഇസ്രയേലിനെതിരായ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. സാധാരണക്കാർ കൊല്ലപ്പെടുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആശങ്കയുണ്ട്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അദ്ദേഹം ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തു. എല്ലാ തരം അക്രമങ്ങളെയും ഇന്ത്യ അപലപിക്കുന്നു’’.– അരിന്ദം ബാഗ്ചി പറഞ്ഞു.

ഭീകരതയ്ക്കെതിരെ രാജ്യാന്തര സമൂഹം ഒരുമിച്ച് രംഗത്തെത്തണമെന്നും അദ്ദേഹം പറഞ്ഞു. ഹമാസ് ആക്രമണത്തിൽ അഷ്കലോണിൽ ഒരു ഇന്ത്യക്കാരിക്ക് പരുക്കേറ്റിരുന്നു.

Top