നിപ വൈറസ്; കേരളത്തില്‍ നിന്നുള്ള പഴം-പച്ചക്കറി വിലക്ക് ഖത്തര്‍ നീക്കി

ദുബൈ: നിപ വൈറസിനെ തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള പഴങ്ങള്‍ക്കും പച്ചക്കറിക്കും ഏര്‍പ്പെടുത്തിയിരുന്ന നിരോധനം ഖത്തര്‍ നീക്കി. നിപ്പാ വൈറസ് നിയന്ത്രണ വിധേയമായതിനെ തുടര്‍ന്നാണ് തീരുമാനം. പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ആരോഗ്യ, ഭക്ഷ്യ നിയന്ത്രണ വിഭാഗമാണ് നിരോധനം പിന്‍വലിച്ചത്.

ഫ്രഷ്, ചില്‍ഡ്, ഫ്രോസണ്‍ എന്നീ മൂന്നു വിഭാഗങ്ങളിലുള്ള പഴം, പച്ചക്കറികളുടെ ഇറക്കുമതിക്കും അനുമതി നല്‍കിയിട്ടുണ്ട്. നേരത്തെ ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം യു.എ.ഇ നീക്കിയിരുന്നു. എന്നാല്‍ ബഹറിന്‍, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ ഇളവ് വരുത്തിയിട്ടില്ല.

നിരോധനത്തെ തുടര്‍ന്നു കേരളത്തില്‍ നിന്ന് ഇറക്കുമതി ചെയ്തിരുന്ന ചിലയിനം പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും നേരിയ തോതില്‍ ക്ഷാമം നേരിട്ടിരുന്നു. അതേ സമയം, പ്രവാസി മലയാളികളില്‍ ഭൂരിഭാഗവും വേനലവധിക്കായി നാട്ടിലേക്കു പോയതിനാല്‍ അതു കാര്യമായി ബാധിച്ചില്ല.

സാധാരണ ദിവസങ്ങളില്‍ 130 മുതല്‍ 150 ടണ്‍ പച്ചക്കറിയാണ് കൊച്ചിയില്‍ നിന്നു കയറ്റിഅയയ്ക്കുന്നത്. ഇതേ രീതിയില്‍ തിരുവനന്തപുരം, കരിപ്പൂര്‍ വിമാനത്താവളങ്ങളില്‍ നിന്നും കയറ്റുമതി നടക്കുന്നുണ്ട്. കേരളത്തില്‍ നിപ വൈറസ് പടര്‍ന്ന ഘട്ടത്തില്‍ ലോക ആരോഗ്യ സംഘടന നല്‍കിയ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് ഖത്തറും മറ്റ് ഗള്‍ഫ് രാജ്യങ്ങളും ഉല്‍പന്നങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.

Top