ministery decission Under RTI Act

തിരുവനന്തപുരം: മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശപ്രകാരം നല്‍കണമെന്ന് മുഖ്യവിവരാവകാശ കമ്മീഷണറുടെ ഉത്തരവ്.

കാബിനറ്റ് തീരുമാനങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്ന യുഡിഎഫ് സര്‍ക്കാര്‍ നിലപാടിനെതിരേ സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിച്ചാണ് മുഖ്യവിവരാവകാശ കമ്മീഷണര്‍ വിന്‍സന്‍ എം. പോളിന്റെ ഉത്തരവ്.

കാബിനറ്റ് തീരുമാനങ്ങള്‍ നടപടിയാകുംവരെ പരസ്യപ്പെടുത്താന്‍ കഴിയില്ലെന്ന നിലപാട് ശരിയല്ലെന്നു കമ്മീഷന്‍ പറഞ്ഞു. മൂന്നു മാസത്തിനിടയിലെ മന്ത്രിസഭാ തീരുമാനങ്ങള്‍ ഹര്‍ജിക്കാര്‍ക്കു 10 ദിവസത്തിനകം നല്‍കണം.

ജനുവരി ഒന്നുമുതല്‍ ഏപ്രില്‍ 12 വരെയുള്ള കാബിനറ്റ് തീരുമാനങ്ങളാണ് ആവശ്യക്കാര്‍ക്കു നല്‍കേണ്ടത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ വിവാദ തീരുമാനങ്ങളടക്കമുള്ളവ ഇതില്‍ ഉള്‍പ്പെടും.

മന്ത്രിസഭ തീരുമാനമെടുത്തുകഴിഞ്ഞാല്‍ 48 മണിക്കൂറിനുള്ളില്‍ പരസ്യപ്പെടുത്തണമെന്നാണ് നിയമം. ഇത് നടപ്പാക്കണം. കൂടാതെ, കാബിനറ്റ് തീരുമാനങ്ങള്‍ ഉടന്‍തന്നെ സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ പരസ്യപ്പെടുത്തുന്നതിന്റെ സാധ്യതകള്‍ തേടണമെന്നും വിവരാവകാശ കമ്മീഷണര്‍ നിര്‍ദേശിച്ചു.

കാബിനറ്റ് തീരുമാനങ്ങള്‍ നടപടിയാകുംവരെ പരസ്യപ്പെടുത്താന്‍ കഴിയില്ലെന്നു കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ നിലപാടെടുത്തിരുന്നു.

നടപടിയായിക്കഴിഞ്ഞാല്‍ വിവിധ വകുപ്പുകളിലേക്കു പോകുന്നതിനാല്‍ ഇത് ഏകോപിപ്പിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

തുടര്‍ന്നുവന്ന എല്‍ഡിഎഫ് സര്‍ക്കാരും ഇതേ നിലപാടെടുത്തതോടെയാണ് വിവരാവകാശ പ്രവര്‍ത്തകര്‍ മുഖ്യവിവരാവകാശ കമ്മീഷണറെ സമീപിച്ചത്.തുടര്‍ന്ന് കമ്മീഷണര്‍ ഹിയറിംഗ് നടത്തിയശേഷം കാബിനറ്റ് തീരുമാനങ്ങള്‍ വെളിപ്പെടുത്താന്‍ ഉത്തരവിടുകയായിരുന്നു.

Top