‘മുന്നറിയിപ്പില്ലാതെ ട്രെയിനുകൾ റദ്ദാക്കി’; റെയില്‍വേ നടപടിക്കെതിരെ മന്ത്രിമാര്‍

തിരുവനന്തപുരം: ട്രെയിൻ സർവീസുകൾ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധവുമായി സംസ്ഥാന മന്ത്രിമാർ രംഗത്ത്. കൃത്യമായ അറിയിപ്പ് നൽകാതെയാണ് ട്രെയിൻ സർവീസ് റദ്ദാക്കിയതെന്നും ഇത്തരം നടപടികൾ അംഗീകരിക്കാനാവില്ലെന്നും മന്ത്രിമാരായ ആന്റണി രാജുവും വി ശിവൻകുട്ടിയും വ്യക്തമാക്കി.

അറിയിപ്പില്ലാതെ ട്രെയിനുകൾ റദ്ദാക്കിയത് ജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചെന്ന് ശിവൻ കുട്ടി പറഞ്ഞു. സംസ്ഥാന സർക്കാരിന് കൃത്യമായ നിർദേശങ്ങൾ നൽകുന്നതിന് പകരം ധാർഷ്ട്യത്തോടെയുള്ള നിലപാടാണ് റെയിൽവേ സ്വീകരിച്ചത്. ജനങ്ങളെ പരമാവധി ബുദ്ധിമുട്ടിക്കുന്ന രീതിയാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്നും മന്ത്രി ആരോപിച്ചു.

ആറ്റുകാൽ പൊങ്കാല നടക്കുന്ന ദിവസങ്ങളിൽ കേന്ദ്ര സർക്കാർ ഇത്തരം നിലപാടുകൾ സ്വീകരിക്കുന്നത് ശരിയല്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു ചൂണ്ടിക്കാട്ടി. ഇതിന്റെ പ്രാധാന്യം മനസിലാക്കാതെയാണ് കേന്ദ്ര സർക്കാർ ഇത്തരമൊരു നിലപാട് സ്വീകരിച്ചിരിക്കുന്നതെന്നും അത് തിരുത്തണമെന്നും മന്ത്രി പറഞ്ഞു. ഈ സമയത്ത് ട്രെയിനുകൾ റദ്ദാക്കുന്നതിന് പകരം സ്‌പെഷ്യൽ സർവീസുകൾ അനുവദിക്കുകയാണ് വേണ്ടതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

Top