മന്ത്രിമാരുടെ ശമ്പളത്തില്‍ നിന്ന് പ്രതിമാസം 10000 രൂപ വീതം ദുരിതാശ്വാസ നിധിയിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്തിലെ മന്ത്രിമാരുടെ ശമ്പളത്തില്‍ നിന്ന് എല്ലാ മാസവും പതിനായിരം രൂപ വീതം ഒരു വര്‍ഷത്തേക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം ഉണ്ടായത്.

ഫയലുകള്‍ തീര്‍പ്പാക്കുന്നതില്‍ കാലതാമസം പാടില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു . അഴിമതിക്കാരെ ഒരുതരത്തിലും സര്‍ക്കാര്‍ സംരക്ഷിക്കില്ല. ഫയലുകളിലെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതീവ ദാരിദ്ര്യ നിര്‍മാര്‍ജനം, സര്‍ക്കാര്‍ സേവനങ്ങള്‍ സര്‍ക്കാര്‍ ഓഫിസില്‍ വരാതെ ചെയ്യുന്നത്, വീട്ടുപടിക്കല്‍ സേവനം നല്‍കല്‍ എന്നിവ സമയബന്ധിതമായി നടപ്പാക്കാന്‍ സെക്രട്ടറിമാര്‍ മുന്‍കൈ എടുക്കണം. സേവന അവകാശ നിയമം പരിഗണിക്കും. കൊച്ചി-ബെംഗളൂരു വ്യവസായ ഇടനാഴി, സെമി ഹൈസ്പീഡ് റെയില്‍വെ, മലയോര ഹൈവെ എന്നിവയ്‌ക്കെല്ലാം പ്രാധാന്യം നല്‍കി നീങ്ങുമെന്നും മുഖ്യമന്ത്രി പത്ര സമ്മേളനത്തില്‍ അറിയിച്ചു.

 

Top