ആഴ്ചയില്‍ അഞ്ചു ദിവസം തലസ്ഥാനത്ത് ;മുഖ്യമന്ത്രിയുടെ നിര്‍ദേശം പ്രായോഗികമല്ലെന്ന് മന്ത്രിമാര്‍

pinaray vijayan

തിരുവനന്തപുരം: ആഴ്ചയില്‍ അഞ്ചു ദിവസമെങ്കിലും മന്ത്രിമാര്‍ നിര്‍ബന്ധമായും തലസ്ഥാനത്ത് ഉണ്ടായിരിക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം പ്രായോഗികമല്ലെന്ന് മന്ത്രിമാര്‍.

മണ്ഡലങ്ങളിലെ പരിപാടികളിലടക്കം പങ്കെടുക്കേണ്ടതുണ്ടെന്നും, വകുപ്പുകളിലെ പരിപാടികള്‍ തലസ്ഥാനത്ത് മാത്രമായി ചുരുക്കാനാകില്ലന്നും മന്ത്രിമാര്‍ അറിയിച്ചു. അഞ്ചു ദിവസം തലസ്ഥാനത്ത് നിന്നാല്‍ വകുപ്പ്, സര്‍ക്കാര്‍ പരിപാടികള്‍ അവതാളത്തിലാകുമെന്നും മന്ത്രിമാര്‍ പറഞ്ഞു. അതേസമയം മന്ത്രിമാരുടെ വാദം മുഖ്യമന്ത്രി അംഗീകരിച്ചില്ലെന്നാണ് സൂചന. പരിപാടികളില്‍ പങ്കെടുക്കാന്‍ മുന്‍കൂര്‍ അനുമതി വേണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.

തലസ്ഥാനത്തു നിന്ന് മന്ത്രിമാര്‍ മാറിനില്‍ക്കുന്നതിനെതിരെയായിരുന്നു മുഖ്യമന്ത്രിയുടെ പുതിയ നിര്‍ദേശം. മന്ത്രിസഭായോഗത്തിലാണ് മുഖ്യമന്ത്രി പുതിയ നിര്‍ദേശം നല്‍കിയത്.

വെള്ളിയാഴ്ച ക്വോറം തികയാത്തതിനെത്തുടര്‍ന്ന് മന്ത്രിസഭാ യോഗം മാറ്റിവച്ചിരുന്നു. മുഖ്യമന്ത്രിയടക്കം ഏഴു മന്ത്രിമാര്‍ മാത്രമാണ് അന്ന് യോഗത്തിനെത്തിയത്. ഇതേത്തുടര്‍ന്നാണ് മുഖ്യമന്ത്രി കടുത്തനിലപാടെടുത്തത്. കാലാവധി പൂര്‍ത്തിയായ പത്ത് ഓര്‍ഡിനന്‍സുകള്‍ പുതുക്കാനും പ്രത്യേകമന്ത്രിസഭായോഗത്തില്‍ തീരുമാനമായിട്ടുണ്ട്.

Top