ഇന്‍ഷുറന്‍സ് പരിരക്ഷയോടെ 5 പശുക്കളെ ഉടന്‍ കൈമാറും;കുട്ടിക്കര്‍ഷകരുടെ വീട്ടില്‍ റോഷി അഗസ്റ്റിനും ചിഞ്ചു റാണിയും

ഇടുക്കി: ഇടുക്കി വെള്ളിയാമറ്റത്ത് 13 പശുക്കള്‍ കൂട്ടത്തോടെ ചത്ത സംഭവത്തില്‍ കുട്ടിക്കര്‍ഷകരായ മാത്യുവിനും ജോര്‍ജ്കുട്ടിക്കും സഹായഹസ്തവുമായി മന്ത്രിമാരായ ചിഞ്ചു റാണിയും റോഷി അഗസ്റ്റിനും. കുട്ടിക്കര്‍ഷകരുടെ വീട്ടിലെത്തിയാണ് മന്ത്രിമാര്‍ സഹായ വാഗ്ദാനം നല്‍കിയത്. മാത്യുവിന് ഇന്‍ഷുറന്‍സ് പരിരക്ഷയോടെ അഞ്ചു പശുക്കളെ ഉടന്‍ കൈമാറുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി അറിയിച്ചു. ഒരു മാസത്തെ കാലിത്തീറ്റ സൗജന്യമായി നല്‍കുമെന്നും മന്ത്രി പറഞ്ഞു. സംഭവിച്ചത് വന്‍ ദുരന്തമാണ്. സര്‍ക്കാര്‍ മാത്യുവിനും കുടുംബത്തിനും ഒപ്പമുണ്ട്. അടിയന്തര സഹായമായി മില്‍മ 45000 രൂപ നല്‍കും. നാളത്തെ മന്ത്രിസഭ യോഗത്തില്‍ വിഷയം അവതരിപ്പിക്കുമെന്നും മന്ത്രി വിശദമാക്കി.

കുട്ടിക്കര്‍ഷകരായ ജോര്‍ജു കുട്ടിയടെയും മാത്യുവിന്റെയും 13 പശുക്കളാണ് ചത്തത്. കപ്പത്തൊണ്ട് കഴിച്ചതിനെ തുടര്‍ന്നാണ് പശുക്കള്‍ ചത്തതെന്നാണ് സംശയം. മികച്ച കുട്ടി ക്ഷീരകര്‍ഷകനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചത് കുട്ടിയാണ് മാത്യു. അവശേഷിക്കുന്നവയില്‍ 5 പശുക്കളുടെ നില ഗുരുതരമാണ്. തൊടുപുഴയിലെ ഏറ്റവും മികച്ച ക്ഷീരഫാമുകളിലൊണിത്.18ഉം 15ഉം വയസ്സുള്ള രണ്ട് കുട്ടികള്‍ നടത്തുന്ന ഈ ഫാമാണിത്. നിരവധി പുരസ്‌കാരങ്ങളാണ് ഈ ഫാം നേടിയിട്ടുള്ളത്. പഞ്ചായത്തിന്റെ ഭാഗത്ത് നിന്നും കര്‍ഷകര്‍ക്ക് കൊടുക്കുന്ന എല്ലാ ആനുകൂല്യങ്ങളും ഇവര്‍ക്ക് നല്‍കുമെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.

Top