ഗവർണ്ണർക്കെതിരെ പരസ്യ പ്രസ്താവനയുമായി കേരളത്തിലെ മന്ത്രിമാർ

തിരുവനന്തപുരം : നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച ​ഗവർ‌ണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയെ ഒറ്റക്കെട്ടായി വിമർശിച്ച് സർക്കാരും പ്രതിപക്ഷവും. ​ഗവർണറുടെ നടപടിക്കെതിരെ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, മന്ത്രി വി.എസ് സുനിൽകുമാർ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, മുതിർന്ന കോൺ​ഗ്രസ് നേതാവ് കെ.സി ജോസഫ് ഉൾപ്പെടെയുള്ളവർ രം​ഗത്തെത്തി.​ഗവർണറുടെ നടപടി ജനാധിപത്യ വിരുദ്ധമെന്ന് മന്ത്രി വി.എസ് സുനിൽകുമാർ. ഗവർണറുടേത് രാഷ്ട്രീയ തീരുമാനമെന്ന് കരുതേണ്ടി വരും.

സാഹചര്യം എന്തായാലും ​ഗവർണർ നിയമസഭാ സമ്മേളനത്തിന് അനുമതി നൽകേണ്ടതായിരുന്നു. കേന്ദ്ര നിയമത്തിലെ വിയോജിപ്പ് നിയമസഭയ്ക്ക് അകത്ത് പ്രകടിപ്പിക്കാൻ അവകാശമുണ്ട്. സഭ കൂടേണ്ട അടിയന്തര സാഹചര്യമെന്താണെന്ന് മന്ത്രിസഭയാണ് തീരുമാനിക്കേണ്ടത്. മുഖ്യമന്ത്രിയുമായി ആലോചിച്ച് തുടർ നടപടി സ്വീകരിക്കും. ഗവർണറെ വീണ്ടും സമീപിക്കില്ലെന്നും മന്ത്രി പറഞ്ഞു. ​ഗവർണറുടെ നടപടി ജനാധിപത്യ വിരുദ്ധമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.​ഗവർണറുടെ നടപടി അസാധാരണമെന്നായി​രുന്നു സ്പീക്കർ പി ശ്രീരാമകൃഷ്ണന്റെ പ്രതികരണം. ​ഗവർണർ മന്ത്രിസഭയുടെ ഉപദേശം അനുസരിച്ച് പ്രവർത്തിക്കുകയാണ് വേണ്ടത്. സർക്കാർ നിയമവശങ്ങൾ പരിശോധിച്ച് നടപടി സ്വീകരിക്കണമെന്നും സ്പീക്കർ പറഞ്ഞു.

Top