ബില്ലുകളില്‍ നേരിട്ട് വിശദീകരണത്തിനായി മന്ത്രിമാര്‍ രാജ്ഭവനിലേക്ക്

തിരുവനന്തപുരം: നിയമസഭ പാസ്സാക്കിയ എട്ടു ബില്ലുകളിൽ മന്ത്രിമാർ ഇന്ന് രാജ്ഭവനിൽ നേരിട്ടെത്തി വിശദീകരണം നൽകും. നാലു മന്ത്രിമാരാണ് രാത്രി എട്ടുമണിക്ക് ഗവർണറെ സന്ദർശിക്കുക. മന്ത്രിമാരായ പി രാജീവ്, ആർ ബിന്ദു, വി എൻ വാസവൻ, ചിഞ്ചു റാണി എന്നിവരാണ് ഗവർണറെ കാണുന്നത്.

മന്ത്രിമാർക്കായി ഗവർണർ അത്താഴവിരുന്നും ഒരുക്കിയിട്ടുണ്ട്. നിയമസഭ പാസ്സാക്കിയിട്ടും ബില്ലുകളിൽ മന്ത്രിമാർ നേരിട്ടെത്തി വിശദീകരണം നൽകിയാൽ മാത്രമേ ഒപ്പിടുന്ന കാര്യം പരിഗണിക്കൂ എന്ന് ഗവർണർ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഈ സാഹചര്യത്തിലാണ് മന്ത്രിമാർ രാജ്ഭവനിലെത്തുന്നത്. അതേസമയം മന്ത്രിമാർ നേരിട്ടെത്തി വിശദീകരിച്ചാലും ലോകായുക്ത, സർവകലാശാല ബില്ലുകളിൽ ഗവർണർ ഒപ്പിടാനുള്ള സാധ്യത കുറവാണ്. നാളെ വൈകീട്ട് ഗവർണർ വീണ്ടും ഡൽഹിക്ക് പോകും.

Top