തമിഴ്‌നാട്ടില്‍ നിന്നുള്ള മന്ത്രിതല സംഘം ഇന്ന് മുല്ലപ്പെരിയാര്‍ ഡാം സന്ദര്‍ശിക്കും

ഇടുക്കി: തമിഴ്‌നാട് ജലവിഭവ വകുപ്പ് മന്ത്രി ദുരൈ മുരുകന്‍ ഉള്‍പ്പെടുന്ന സംഘം ഇന്ന് മുല്ലപ്പെരിയാര്‍ ഡാം സന്ദര്‍ശിക്കും. ഡാമിലെ നിലവിലെ സ്ഥിതി മന്ത്രിമാര്‍ വിലയിരുത്തും. ധനമന്ത്രി ത്യാഗരാജന്‍, സഹകരണമന്ത്രി ഐ പെരിയസ്വാമി, രജിസ്‌ട്രേഷന്‍ വകുപ്പ് മന്തി പി മൂര്‍ത്തി എന്നിവരാണ് സംഘത്തിലെ മറ്റു മൂന്ന് മന്ത്രിമാര്‍. പൊതുമരാമത്ത് അഡീഷണല്‍ ചീഫ് സെക്രട്ടറി, കാവേരി സെല്‍ ചെയര്‍മാന്‍, ഏഴ് എം.എല്‍.എമാര്‍ എന്നിവരും സംഘത്തിലുണ്ട്.

മുല്ലപ്പെരിയാര്‍ ഡാം തുറന്നതിനെതിരെയും കേരളത്തിലെ മന്ത്രിമാര്‍ ഡാം സന്ദര്‍ശിച്ചതിനെതിരെയും പ്രതിഷേധമുയര്‍ത്തി എ.ഐ.എ.ഡി.എം.കെയും ചില കര്‍ഷക സംഘടനകളും രംഗത്ത് വന്നിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് സന്ദര്‍ശനം. അതേസമയം ഷട്ടറുകള്‍ ഉയര്‍ത്തിയതോടെ ഡാമിലെ ജലനിരപ്പ് കുറഞ്ഞു തുടങ്ങി.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ എഐഎഡിഎംകെ ഈ മാസം ഒന്‍പതിന് വിവിധ സ്ഥലങ്ങളില്‍ സമരം നടത്താന്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സന്ദര്‍ശനത്തിന് രാഷ്ട്രീയ പ്രാധാന്യമുണ്ട്. സന്ദര്‍ശനത്തിന് ശേഷം മന്ത്രിമാരുടെ സംഘം മാധ്യമങ്ങളെ കണ്ടേക്കും.

ഇതിനിടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 138.70 അടിയായി ഉയരുകയും ചെയ്തു. ജലനിരപ്പ് ഉയര്‍ന്നതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പില്‍വേയിലെ ഏഴ് ഷട്ടറുകള്‍ കൂടി തമിഴ്‌നാട് ഉയര്‍ത്തിയിരുന്നു. സെക്കന്റില്‍ മൂവായിരത്തി തൊള്ളായിരം ഘനയടിയോളം വെള്ളമാണ് പെരിയാറിലൂടെ തുറന്ന് വിട്ടിരിക്കുന്നത്.

Top