Minister’s and MLA’s 5 years cost

തൃശ്ശൂര്‍: സംസ്ഥാനത്ത് അഞ്ച് വര്‍ത്തിനിടെ മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കുമായി ചെലവാക്കിയത് 100 കോടി രൂപ. മന്ത്രിമാര്‍ക്കുവേണ്ടി 25 കോടിയോളം രൂപ ചെലവഴിച്ചു. എംഎല്‍എമാരുടെ ആകെ ചെലവ് 57.75 കോടി രൂപ വരും. മന്ത്രിമാരുടെ അറുന്നൂറു പേരിലധികം വരുന്ന പേഴ്‌സണല്‍ സ്റ്റാഫിനു നല്‍കിയ ശമ്പളവും ആനുകൂല്യങ്ങളും കൂടി കണക്കാക്കുമ്പോള്‍ ചെലവ് നൂറുകോടി കടക്കും.

ശമ്പളം, യാത്രച്ചെലവ്, ചികിത്സ, വിമാനക്കൂലി, അതിഥിസത്കാരം എന്നിങ്ങനെ വിവിധ വിഭാഗങ്ങളില്‍ വന്ന ചെലവാണിത്. വിമാനയാത്രക്കായി മന്ത്രിമാര്‍ 2.75 കോടി ചെലവാക്കി. മൂന്നുകോടി രൂപയുടെ വാഹനങ്ങള്‍ വാങ്ങി. അതിഥി സത്കാരത്തിന് രണ്ടുകോടിയോളം ചെലവാക്കി. 7.77 കോടി രൂപയായിരുന്നു യാത്രാബത്ത. 1.93 കോടി രൂപ വൈദ്യുതി ചെലവും വന്നു. 4.49 കോടി രൂപയാണ് എംഎല്‍എമാരുടെ ചികിത്സയ്ക്കായി ചെലവാക്കിയത്. 13 കോടി രൂപ ശമ്പള ഇനത്തിലും 1.96 കോടി വൈദ്യുതി ചാര്‍ജ്ജ് ഇനത്തിലും എംഎല്‍എമാര്‍ക്ക് വേണ്ടി ചെലവാക്കി.

മന്ത്രിമാരില്‍ വാഹനങ്ങള്‍ വാങ്ങിയതില്‍ ഒന്നാമത് പി.കെ ജയലക്ഷ്മിയാണ്. ഇബ്രാഹിം കുഞ്ഞും തിരുവഞ്ചൂരും തൊട്ടുപിറകില്‍ ഉണ്ട്. വിമാനയാത്രക്കൂലിയുടെ കാര്യത്തില്‍ പി.ജെ. ജോസഫ് ആണ് മുന്‍പന്തിയില്‍. പി.കെ. കുഞ്ഞാലിക്കുട്ടി തൊട്ടുപിറകില്‍ ഉണ്ട്. അതിഥിസത്കാരത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനം കെ.എം. മാണിക്കാണ്. മുഖ്യമന്ത്രി രണ്ടാം സ്ഥാനത്താണ് ഉള്ളത്.

ചികിത്സയ്ക്ക് മന്ത്രിമാര്‍ എല്ലാവരും കൂടി 79 ലക്ഷമാണ് ചെലവാക്കിയതെങ്കില്‍ തോമസ് ചാണ്ടി എംഎല്‍എക്കുമാത്രം രണ്ട് കോടിയോളം ചെലവുവന്നു. എംഎല്‍എമാരില്‍ ഏറ്റവും കൂടുതല്‍ യാത്രച്ചെലവ് കൈപ്പറ്റിയിരിക്കുന്നത് എ.കെ ശശീന്ദ്രനാണ്.

ഏറ്റവും കുറവ് ഹാജര്‍നിലയും ഇദ്ദേഹത്തിനു തന്നെ. എട്ട് എംഎല്‍എമാര്‍ ചികിത്സച്ചെലവ് തീരെ കൈപ്പറ്റിയിട്ടില്ല. തൃശ്ശൂര്‍ എറവ് കുറ്റിച്ചിറ വീട്ടില്‍ കെ. വേണുഗോപാലിന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

Top