തീവ്രവാദത്തെ പിന്തുണയ്ക്കുന്നവരെ രാജ്യത്ത് അനുവദിക്കില്ലെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രി

ദോഹ: തീവ്രവാദത്തെ പിന്തുണയ്ക്കുന്നവരെ രാജ്യത്ത് അനുവദിക്കില്ലെന്ന് വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍താനി.

തീവ്രവാദത്തിന് ധനസഹായം ചെയ്യുന്നവര്‍ക്ക്‌ രാജ്യത്ത് സ്ഥാനമമില്ലെന്നും, തീവ്രവാദബന്ധമാരോപിച്ച് ഖത്തറിന് മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം നിലനില്‍ക്കുമ്പോഴും ഇതുവരെയും ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തെളിവുകള്‍ നിരത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ശൈഖ് മുഹമ്മദ് വ്യക്തമാക്കി.

ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. ഗള്‍ഫ് രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം ഇന്ത്യ ഉള്‍പ്പെടെയുള്ള പ്രവാസിസമൂഹങ്ങളെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിലെ പ്രതിസന്ധിയില്‍ ഇന്ത്യന്‍സര്‍ക്കാരും പ്രധാനമന്ത്രിയും സ്വീകരിച്ച നിലപാട് അഭിനന്ദനാര്‍ഹമാണെന്നും നിലവിലെ പ്രതിസന്ധി ഇന്ത്യയും ഖത്തറും തമ്മിലുള്ള നയതന്ത്രബന്ധത്തെ ബാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ഏറ്റവും വലിയ പ്രവാസി സമൂഹമായ ഇന്ത്യന്‍സമൂഹത്തിന്റെ ജീവിതം ദോഹയില്‍ സുരക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top