minister vs sunilkumar’s statement against kodiyeri

കോഴിക്കോട്: സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ തളളി മന്ത്രി വിഎസ് സുനില്‍ കുമാര്‍ രംഗത്ത്.

പാടത്ത് പണി വരമ്പത്ത് കൂലി എന്നത് സര്‍ക്കാരിന്റെ നയമല്ലെന്ന് വി എസ് സുനില്‍ കുമാര്‍ പറഞ്ഞു. സര്‍ക്കാര്‍ അക്രമത്തെ പ്രോത്സാഹിപ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു.

ഇടുക്കി ഹോപ്പ് പ്ലാന്റേഷന്‍ ഭൂമി സര്‍ക്കാര്‍ തിരിച്ചുപിടിക്കുമെന്നും മന്ത്രി വി എസ് സുനില്‍ കുമാര്‍ പറഞ്ഞു. നിക്ഷിപ്ത വനഭൂമിയില്‍ ക്വാറി എന്ന മുന്‍ സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കുമെന്നും സ്വകാര്യ പ്ലാന്റേഷനുകളുടെ സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കുമെന്നും മന്ത്രി പറഞ്ഞു.

2016 ജനുവരിക്ക് മുന്‍പുളള കഴിഞ്ഞ സര്‍ക്കാരിന്റെ എല്ലാഫയലുകളും പരിശോധിക്കുമെന്നും വി എസ് സുനില്‍ കുമാര്‍ കോഴിക്കോട് പറഞ്ഞു.

ധന്‍രാജ് കൊലപാതകത്തില്‍ പൊലീസ് പ്രതികള്‍ക്കൊപ്പമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചിരുന്നു. ഇത് അംഗീകരിക്കാനാകില്ല. ഇത്തരം സമീപനങ്ങളില്‍ നിന്നും പൊലീസ് പിന്മാറണമെന്നും കോടിയേരി വ്യക്തമാക്കി.

പാര്‍ട്ടി കേന്ദ്രങ്ങളില്‍ അക്രമിക്കാനെത്തുന്നവരെ പ്രതിരോധിക്കണമെന്നും പാടത്ത് പണി വരമ്പത്ത് കൂലി എന്ന നിലയില്‍ തിരിച്ചടിക്കണമെന്നും കൊടിയേരി കഴിഞ്ഞ ദിവസം പറഞ്ഞു. അക്രമങ്ങള്‍ പ്രതിരോധിക്കാന്‍ യുവതിയുവാക്കള്‍ക്ക് പരിശീലനം നല്‍കണമെന്നും കൊടിയേരി കണ്ണൂരില്‍ പറഞ്ഞു.

പയ്യന്നൂരില്‍ നടന്ന ഇരട്ടക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലാണ് ആര്‍എസ്എസ് അക്രമത്തിനെതിരെ സിപിഎം പൊതുയോഗം സംഘടിപ്പിച്ചത്. ജൂലൈ 11 നു രാത്രിയാണ് പയ്യന്നൂരില്‍ സിപിഎം പ്രവര്‍ത്തകനായ സി.വി. ധന്‍രാജും ബിജെപി പ്രവര്‍ത്തകനായ സി.കെ. രാമചന്ദ്രനും കൊല്ലപ്പെട്ടത്.

ധന്‍രാജിനെ വീട്ടില്‍ കയറി ഒരു സംഘം വെട്ടിക്കൊല്ലപ്പെടുത്തി മണിക്കൂറുകള്‍ക്കുള്ളില്‍ രാമചന്ദ്രനെയും മറ്റൊരു സംഘം വെട്ടികൊലപ്പെടുത്തുകയായിരുന്നു. ധന്‍രാജ് വധത്തില്‍ നാലു ബിജെപി പ്രവര്‍ത്തകരെയും രാമചന്ദ്രന്‍ വധത്തില്‍ രണ്ടു സിപിഎം പ്രവര്‍ത്തകരെയും പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.

Top