‘പരമസാത്വികന്‍, പാവപ്പെട്ടവര്‍ക്കൊപ്പം നിന്നു’; പഴയിടത്തെ സന്ദര്‍ശിച്ച് മന്ത്രി വിഎന്‍ വാസവന്‍

കോട്ടയം: കലോത്സവ ഭക്ഷണ വിവാദം നിലനിൽക്കെ, പഴയിടം മോഹനൻ നമ്പൂതിരിയെ സന്ദർശിച്ച് മന്ത്രി വി എൻ വാസവൻ. കലോത്സവത്തിലേക്ക് തിരിച്ചു വരുന്ന കാര്യത്തിൽ അദ്ദേഹം നല്ല മനസ്സോടെ ചിന്തിക്കുമെന്നാണ് കരുതുന്നെന്ന് സന്ദർശനത്തിന് ശേഷം മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

‘ഓണത്തിനും വിഷുവിനും ഇസ്റ്ററിനുമെല്ലാം നല്ല പായസം ഉണ്ടാക്കി തന്നിട്ടുണ്ട്. മഹാമാരിയുടെ കാലത്ത് നാട്ടിലെ പാവപ്പെട്ട രോഗികളെ സഹായിക്കാൻ ഞങ്ങളോടൊപ്പം നിന്ന തിരുമേനിയെ എങ്ങനെ മറക്കാനാകും. ഏതെങ്കിലും തരത്തിൽ മറന്നാൽ വലിയ തരത്തിലുള്ള അധാർമികതയാകും.നിരവധി സന്ദർഭങ്ങളിൽ തങ്ങൾ അഭ്യർത്ഥിച്ചിട്ട് പാവപ്പെട്ടവർക്ക് സഹായം നൽകുയും കല്യാണങ്ങൾ നടത്തുകയും ഒക്കെ ചെയ്തിട്ടുണ്ട്. അതൊക്കെ നൻമ നിറഞ്ഞ അദ്ദേഹത്തിന്റെ മനസ്സാണ്.’- വാസവൻ പറഞ്ഞു.

സർക്കാരുമായോ വിദ്യാഭ്യാസ വകുപ്പുമായോ അദ്ദേഹത്തിന് പിണക്കമില്ല. ആരെക്കുറിച്ചും പരദൂഷണം പറയാനോ വഴക്കുണ്ടാക്കാനോ പോകില്ല. പരമസാത്വികനായ തിരുമേനിയാണ്. കലോത്സവത്തിലേക്ക് തിരിച്ചു വരുന്ന കാര്യത്തിൽ അദ്ദേഹം നല്ല മനസ്സോടെ ചിന്തിക്കുമെന്നാണ് കരുതുന്നെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ പ്രതിനിധി ആയിട്ടല്ല മന്ത്രി കാണാൻ വന്നതെന്നും സഹോദരനെപ്പോലെയാണ് കാണുന്നതെന്നും പഴയിടം പറഞ്ഞു.

കലോത്സവത്തിന് മാംസാഹാരം വിളമ്പാത്തതിന് പഴയിടത്തിന് നേരെ ഒരുവിഭാഗം വിമർശനം ഉന്നയിച്ചിരുന്നു. ഇനിമുതൽ കലോത്സവത്തിന് പാചകം ചെയ്യാനില്ലെന്ന് പഴയിടം പ്രഖ്യാപിച്ചിരുന്നു.

 

Top