കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിക്ഷേപകര്‍ക്ക് പണം നഷ്ടമാകില്ലെന്ന് മന്ത്രി വി എൻ വാസവൻ

കൊച്ചി : കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിക്ഷേപകര്‍ക്ക് പണം നഷ്ടമാകില്ലെന്ന് സഹകരണ മന്ത്രി വി എൻ വാസവൻ. നിക്ഷേപകര്‍ക്ക് എത്രയും വേഗം പണം തിരികെ ലഭിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. ഉത്തരവാദികളുടെ കൈയിൽ നിന്ന് പണം തിരിച്ച് പിടിക്കാനുള്ള നടപടിയുമായി മുന്നോട് നീങ്ങുകയാണെന്നും മന്ത്രി അറിയിച്ചു. ഇഡി അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചു.

‘‘കരുവന്നൂർ ബാങ്കിനെ തകർച്ചയിൽനിന്നു രക്ഷിക്കാൻ വേണ്ടി അന്ന് സർക്കാരുണ്ടാക്കിയ പാക്കേജിൽ ഏതാണ്ട് 73 കോടി രൂപ നിക്ഷേപകർക്കു തിരിച്ചുകൊടുത്തിരുന്നു. 110 കോടി രൂപയോളം നിലവിലുണ്ടായ നിക്ഷേപങ്ങൾ, കുറേയൊക്കെ പലിശ കൊടുത്തും ഒരു വിഹിതം കൊടുത്തും പുനഃക്രമീകരിച്ചു. അതോടൊപ്പം തന്നെ പാക്കേജിന്റെ ഭാഗമായി സഹകരണ ക്ഷേമനിധി ബോർഡിൽനിന്ന് 10 കോടി രൂപ കൊടുക്കാനും തൃശൂർ ജില്ലയിലെ സഹകരണസംഘങ്ങൾ നിക്ഷേപമായി 20 കോടി രൂപ കൊടുക്കാനും ഒപ്പം അവർക്ക് ലഭിക്കാനുണ്ടായിരുന്ന ചില ഓഹരികൾ വാങ്ങിയെടുക്കാനുമാണ് അന്നു പാക്കേജിൽ നിർദേശിച്ചിരുന്നത്. അതിന്റെ അടിസ്ഥാനത്തിൽ, തിരിച്ചടവ് ഉൾപ്പെടെ കിട്ടിയ 73 കോടി രൂപയാണ് നിക്ഷേപകർക്ക് കൊടുത്തത്.

അതുപോലെ സ്വർണപ്പണയം അവർ സാധാരണഗതിയിൽ എടുത്തുതുടങ്ങി. ഏതാണ്ട് അഞ്ചു കോടിയിൽപ്പരം വായ്പ കൊടുത്തുകഴിഞ്ഞു. വായ്പപ്രവർത്തനങ്ങളിലേക്ക് അവർ തിരികെ വന്നു എന്നാണ് സൂചിപ്പിക്കുന്നത്. ഇത്തരം ഒരു ഘട്ടത്തിൽ ഇഡി വന്ന് അവിടുത്തെ ഫയലുകൾ എല്ലാം കൊണ്ടുപോയി. 162 ആധാരത്തിന്റെ കോപ്പിയാണ് ഇഡി കൊണ്ടുപോയത്. പ്രധാനപ്പെട്ട ചില രേഖകളും എടുത്തുകൊണ്ടു പോയി. ഈ 162 ആധാരങ്ങളിൽനിന്നായി 182.5 കോടി രൂപ ബാങ്കിന് ലഭിക്കാനുണ്ട്. അതു തിരിച്ചടയ്ക്കാൻ വേണ്ടി പലരും വന്നപ്പോൾ ആധാരം ഇല്ലാത്തതു കൊണ്ട് പണം കൊടുക്കാതെ പോയി.

അങ്ങനെ ഗൗരവമേറിയ ഒരു പ്രശ്നം ഇഡി മുഖാന്തരം ബാങ്കിന് ഉണ്ടായി എന്നത് വിഷമിപ്പിക്കുന്ന കാര്യമാണ്. അതു തിരിച്ചുപിടിക്കാൻ ഇപ്പോൾ കോടതിയെ സമീപിച്ചിരിക്കുകയാണ്. നമുക്ക് കിട്ടേണ്ട പൈസ നഷ്ടപ്പെടുത്തുന്നതിന് ഇതു കാരണമായി. ബാങ്കിൽ പിരിച്ചു കിട്ടാനുള്ളത് 506.61 കോടി രൂപയാണ്. ബാങ്കിനു കൊടുത്തു തീർക്കാനുള്ളത് സ്ഥിരനിക്ഷേപം ഉൾപ്പെടെ 282.6 കോടി രൂപയും. ഇതിനു പുറമേ ബാങ്കിനു നല്ല ആസ്തിയുണ്ട്. സ്വന്തമായി ഏതാണ്ട് പതിനേഴോളം സ്ഥലമുണ്ട്, മാത്രമല്ല ഒരു അഞ്ചു വസ്തുവകകൾ കൂടി ലേലത്തിൽവച്ച് ഇവരുടെ കൈവശം വന്നിട്ടുണ്ട്. ഇതിൽ ചിലതെല്ലാം കേരള ബാങ്കിലും മറ്റു ബാങ്കുകളിലുമെല്ലാം പണയപ്പെടുത്തിയതും പണയപ്പെടുത്താത്തതും ഉണ്ട്. ഇഡിയുടെ നടപടികൾ ബാങ്കിന്റെ തിരിച്ചുവരവിനെ കാര്യമായി ബാധിച്ചു. ഇഡി കള്ളപ്പണം പിടിക്കുന്നതിൽ എതിർപ്പില്ല, എന്നാൽ ഈ അന്വേഷണങ്ങൾ വളഞ്ഞ വഴിയിലൂടെ ആകരുത്’’– വാസവൻ പറഞ്ഞു.

Top