പാമ്പ് പിടിക്കുന്നത് സംബന്ധിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിലപാടിനെതിരെ മന്ത്രി വി.എന്‍ വാസവന്‍

തിരുവനന്തപുരം: പാമ്പ് പിടിക്കുന്നത് സംബന്ധിച്ച് ഒരു വിഭാഗം വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിലപാടിനെതിരെ മന്ത്രി വി.എന്‍ വാസവന്‍. സുരേഷിനെ വിളിക്കരുതെന്ന് പറയാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കഴിയില്ലെന്നും അവര്‍ക്ക് വാവ സുരേഷിനോട് കുശുമ്പാണെന്നും വാസവന്‍ പറഞ്ഞു. വാവ സുരേഷിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു വി എന്‍ വാസവന്‍.

”വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വാവ സുരേഷിനോട് കുശുമ്പാണെന്നാണ് എന്റെ അഭിപ്രായം. സുരേഷിനെ വിളിക്കരുതെന്ന് പറയേണ്ട കാര്യവുമില്ല. വിളിക്കുന്ന പല സ്ഥലത്തും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വരാറില്ല. സുരേഷിന്റെ പ്രശസ്തി ഇഷ്ടപ്പെടാത്തവര്‍ പറയുന്ന വര്‍ത്തമാനമാണത്. നന്മ ചെയ്യുന്നതിനെ എന്തിനാണ് തെറ്റായി വ്യാഖ്യാനിക്കുന്നത്.”വി.എന്‍ വാസവന്‍ പറഞ്ഞു.

വാവ സുരേഷിന്റെ കുടുംബത്തിന്റെ ആഗ്രഹം പോലെ വീട് നിര്‍മിച്ച് നല്‍കുമെന്നും വി.എന്‍ വാസവന്‍ പറഞ്ഞു. സിപിഐഎം കോട്ടയം ജില്ലാ കമ്മറ്റിയുടെ ചാരിറ്റബിള്‍ സൊസൈറ്റിയാണ് വാവ സുരേഷിന് വീട് നിര്‍മ്മിച്ച് നല്‍കുന്നത്. ഇതിനായി എല്ലാ ക്രമീകരണങ്ങളും ഒരുക്കുമെന്നും ഉടന്‍ തന്നെ സ്ഥലത്ത് എഞ്ചിനീയര്‍ എത്തുമെന്നും മന്ത്രി അറിയിച്ചു.

”ഇന്ന് വാവ സുരേഷിന്റെ വീട് സന്ദര്‍ശിച്ചു. കടകംപള്ളി സുരേന്ദ്രനും ഒപ്പമുണ്ടായിരുന്നു. ഓലമേഞ്ഞ പഴയൊരു വീടാണ്. ഇതു മാറ്റി പുതിയത് നിര്‍മ്മിക്കാനാണ് ഉദ്ദേശിക്കുന്നത്. വാവയുടെ മാതാപിതാക്കളുമായും സഹോദരങ്ങളുമായും സംസാരിച്ചു. അവരും സമ്മതം അറിയിച്ചു. യുദ്ധകാലാടിസ്ഥനത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കും. വീട്ടിലേയ്ക്ക് പോകുന്നതിന് മുമ്ബ് മെഡിക്കല്‍ കോളെജിന് സമീപം ചികിത്സയ്ക്കായി താമസിക്കുന്ന സുരേഷിനെയും സന്ദര്‍ശിച്ചിരുന്നു. ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച മരുന്നുകള്‍ കഴിച്ച് വിശ്രമിക്കുകയാണ് അദ്ദേഹം. കുറച്ച് ദിവസം വിശ്രമിക്കണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്. തുടര്‍ പരിശോധനയോ ചികിത്സയോ ആവശ്യമെങ്കില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആവശ്യമായ സൗകര്യമൊരുക്കിയിട്ടുണ്ട്.”മന്ത്രി പറഞ്ഞു.

Top