സഹകരണ മേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മന്ത്രി വി.എന്‍ വാസവന്‍ വിളിച്ച യോഗം ഇന്ന് കൊച്ചിയില്‍

കൊച്ചി: കരുവന്നൂര്‍ ബാങ്ക് ഉള്‍പ്പെടെ സഹകരണ മേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മന്ത്രി വി.എന്‍ വാസവന്‍ വിളിച്ച യോഗം ഇന്ന്. കരുവന്നൂര്‍ ബാങ്കിലെ പ്രശ്‌നത്തിന് എങ്ങനെ പരിഹാരം കാണാമെന്നുള്ള ആലോചനകള്‍ നടക്കുന്നതിനിടയാണ് യോഗം. സഹകരണ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍, മേഖലയിലെ പ്രമുഖര്‍ അടക്കം യോഗത്തില്‍ പങ്കെടുക്കും.

ഉച്ചയ്ക്ക് രണ്ടുമണിക്ക് കൊച്ചിയിലാണ് യോഗം ചേരുക. കഴിഞ്ഞദിവസം കരുവന്നൂര്‍ വിഷയത്തില്‍ സിപിഎമ്മിനുള്ളിലും കൂടിയാലോചനകള്‍ നടന്നിരുന്നു. അതിനിടെ കരുവന്നൂര്‍ ബാങ്കിന് ധനസഹായം നല്‍കാനുള്ള ഒരു പദ്ധതിയും നിലവിലില്ലെന്നാണ് കേരള ബാങ്ക് അറിയിച്ചിട്ടുള്ളത്.

അതേസമയം കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. മുന്‍ എസ്.പി കെ.എം ആന്റണി, മുന്‍ ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ഫേമസ് വര്‍ഗീസ് എന്നിവര്‍ക്കാണ് ഇ ഡി വീണ്ടും നോട്ടീസ് നല്‍കിയിട്ടുള്ളത്.

കേസിലെ ഒന്നാംപ്രതി സതീഷ് കുമാറും ആയിട്ടുള്ള സാമ്പത്തിക ഇടപാടുകളില്‍ വ്യക്തത വരുത്തുന്നതിനാണ് ചോദ്യം ചെയ്യല്‍. കഴിഞ്ഞ വെള്ളിയാഴ്ച ഇരുവരെയും കൊച്ചി ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. അതിനിടെ കേസിലെ ഒന്നും രണ്ടും പ്രതികളായ സതീഷ് കുമാറിന്റെയും പി.പി കിരണിന്റെയും റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും.

Top