കണ്ടലയിലെ ന്യൂനതകള്‍ കണ്ടെത്തിയത് സഹകരണ വകുപ്പ്; ഇ ഡിക്കെതിരെ മന്ത്രി വി എന്‍ വാസവന്‍

തിരുവനന്തപുരം: ഇ ഡിക്കെതിരെ വിമര്‍ശനവുമായി സഹകരണവകുപ്പ് മന്ത്രി വി എന്‍ വാസവന്‍. കണ്ടലയിലെ ന്യൂനതകള്‍ ഇ ഡി കണ്ടെത്തിയതല്ലെന്നും സഹകരണ വകുപ്പ് കണ്ടെത്തിയ ക്രമക്കേടാണെന്നും മന്ത്രി. മറ്റു സംസ്ഥാനങ്ങളിലെ ക്രമക്കേട് കണ്ടെത്താന്‍ ഇ ഡി പോകുന്നില്ല എന്നും ഇത് രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കണ്ടല ബാങ്കിലെ എന്‍ഫോഴ്സ്മെന്റ് റെയ്ഡില്‍ പുതിയതായി ഒന്നും കണ്ടെത്തിയിട്ടില്ല. സഹകരണ വകുപ്പ് കണ്ടെത്തിയതിന്റെ തുടര്‍ച്ചയാണെന്നും വി എന്‍ വാസവന്‍ പറഞ്ഞു. കണ്ടല സഹകരണ ബാങ്ക് ക്രമക്കേടില്‍ ഇ ഡി റെയ്ഡ് പുരോഗമിക്കവെയാണ് പ്രതികരണം. ഇന്ത്യയില്‍ 282 ബാങ്കുകള്‍ക്ക് എതിരെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് നടപടി എടുത്തിട്ടുണ്ട്. ഈ ബാങ്കുകളില്‍ ഒന്നും ഇ ഡി പോകുന്നില്ല എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം കണ്ടല സഹകരണ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് എന്‍ ഭാസുരാംഗനെ സിപിഐയില്‍ നിന്നും പുറത്താക്കി. പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് പുറത്താക്കിയത്. സിപിഐ ജില്ലാ എക്‌സിക്യൂട്ടീവിന്റേതാണ് തീരുമാനം. കണ്ടല സര്‍വീസ് സഹകരണ ബാങ്ക് ക്രമക്കേടിന്റെ പശ്ചാത്തലത്തിലാണ് നടപടി.

Top